പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. പത്തനംതിട്ട വള്ളംകുളം നാരായണൻകുട്ടി എന്ന ആനയുടെ പാപ്പാൻ കുഞ്ഞുമോനാണ് മരിച്ചത്. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10:45 ഓടെയാണ് ആനയിടഞ്ഞത്. വള്ളംകുളം നാരായണൻകുട്ടി എന്ന ആന പാപ്പാൻ കുഞ്ഞുമോനെ റോഡിലിട്ട് കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പാപ്പാനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാപ്പാനെ കുത്തുന്നതിനിടയിൽ ആനപ്പുറത്തിരുന്ന മൂവരും നിലത്ത് വീണു. ഒരു യുവാവ് ആനയുടെ കൊമ്പിലേക്കാണ് തലയിടിച്ച് വീണത്. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്. ഇടഞ്ഞ ആന നിരവധി വാഹനങ്ങളും തകർത്തു. എലിഫന്റ് സ്ക്വാഡ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. പതിറ്റാണ്ടുകളായി കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരാറുള്ള ആണ്ടുനേർച്ചയുടെ ഭാഗമായി നടത്തുന്ന ദേശോത്സവമാണ് കൂറ്റനാട് നേർച്ച . പരിസരത്തുള്ള 28 ടീമുകളിൽ നിന്നായി 47 ആനകൾ നഗരപ്രദക്ഷിണ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അത്യാഹിതം.