എം.ബി.രാജേഷ് സ്പീക്കറായിരിക്കെ കെ.കവിത നിയമസഭയിലെ ചടങ്ങിലും മുഖ്യാതിഥിയായി പങ്കെടുത്തു. 2022 മേയ് 27 നു നടന്ന വിമന്‍ ഇന്‍ ഡിസിഷന്‍ മേക്കിങ്ങ് എന്ന ചടങ്ങിലാണ് സ്പീക്കറുടെ ക്ഷണപ്രകാരം കവിതയെത്തിയത്. മദ്യ നിര്‍മാണ കമ്പനിയായ ഒയാസിസുമായി ബന്ധമുണ്ടെന്നു ആരോപണമുള്ളയാളാണ് തെലുങ്കാനയിലെ ബി.ആര്‍.എസ് നേതാവും മുഖ്യമന്ത്രിയായിരുന്ന ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ.കവിത
മദ്യനിര്‍മാണപ്ലാന്‍റുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെയാണ് കെ.കവിത 2022 ല്‍ തന്നെ നിയമസഭയിലെ അതിഥിയായി പങ്കെടുത്തെന്ന വിവരം പുറത്തുവരുന്നത്. 2022 മേയ് 27 നു നടന്ന അണ്ടര്‍ റെപ്രസെന്‍റേഷന്‍ ഓഫ് വിമന്‍ ഇന്‍ ഡിസിഷന്‍ മേക്കിങ്ങ് ബോഡീസ് എന്ന ചടങ്ങിലാണ് ബി.ആര്‍.എസ് നേതാവായ കെ.കവിത പങ്കെടുത്തത്. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ഇതിനു മുന്‍പ് 2019 മേയ് 5 നും 6 നും ക്ലിഫ് ഹൗസില്‍ വെച്ച് ചന്ദ്രശേഖര്‍ റാവുവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലും കൂടിക്കാഴ്ച നടന്നിരുന്നു. അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചയെന്നായിരുന്നു പിന്നീട് ഇരുവരും അറിയിച്ചത്. പിന്നാലെയാണ് മൂന്നു വര്‍ഷം കഴിഞ്ഞായിരുന്നു കവിത തലസ്ഥാനത്തെത്തിയത്. 2023 ജനുവരില്‍ ചന്ദ്രശേഖര്‍ റാവു ഹൈദ്രാബാദില്‍ വിളിച്ചു ചേര്ത്ത യോഗത്തില്‍ പിണറായി വിജയനും പങ്കെടുത്തിരുന്നു. 2024 ലാണ് ഒയാസിസിനു മദ്യനിര്‍മാണ പ്ലാന്‍റിനുള്ള അനുമതി നീക്കങ്ങള്‍ ആരംഭിച്ചത് . കവിത തിരുവനന്തപുരത്തെത്തിയപ്പോള്‍ താമസിച്ച സ്ഥലത്തെ കുറിച്ചും ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. മാത്രമല്ല രാജ്യത്ത് വേറെയും പ്രമുഖ വനിത നേതാക്കളുള്ളപ്പോള്‍ എന്തുകൊണ്ടു കവിത മാത്രം സംസ്ഥാനത്തിനു പുറത്തു നിന്നുള്ള അതിഥിയായി മാറിയെന്നതും ചോദ്യമായി ഉയരുന്നു.