laliy-vincet-anathukrishnan-2

അനന്തുകൃഷ്ണന്‍ മകനെപ്പോലെയെന്നും തട്ടിപ്പുണ്ടായിട്ടില്ലെന്നും ലാലി വിന്‍സന്‍റ്. അനന്തു ചെയ്ത നല്ലകാര്യങ്ങള്‍ തനിക്കറിയാമെന്നും ലാലി വിന്‍സന്‍റ് കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അനന്തുകൃഷ്ണനെ തള്ളിപ്പറയില്ല. നാലഞ്ചു വര്‍ഷമായി അറിയാം. ഒരു കേസുമായി ബന്ധപ്പെട്ടാണ് പരിചയം. അനന്തുവും ആനന്ദകുമാറും ആയുള്ള അഭിപ്രായവ്യത്യാസമാണ് പ്രശ്നകാരണം. മിസ് മാനേജ്മെന്‍റ് ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് പറയട്ടെയെന്നു ലാലി വിന്‍സെന്‍റ് പറഞ്ഞു.

 

സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ കോൺഗ്രസ് നേതാവ് ലാലി വിൻസന്റിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. അനന്തുകൃഷ്ണനും ലാലി വിൻസെന്റും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസ്. പകുതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് 2.96 കോടി രൂപയാണ് സംഘം തട്ടിയത്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി എ.മോഹനന്റെ പരാതിയിലാണ് കേസ്. പകുതി വിലയ്ക്ക് സബ്സിഡി നിരക്കിൽ വനിതകൾക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സൊസൈറ്റിയിലെ 494 അംഗങ്ങളിൽ നിന്നായി രണ്ട് കോടി 46 ലക്ഷത്തി 40,000 രൂപയാണ് സംഘം തട്ടിയെടുത്തത്. അനന്തുകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. 

സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ‌യായ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിന്റെ നിയമോപദേശകയാണ് മുൻ കെപിസിസി വൈസ് പ്രസിഡന്റ്‌ ലാലി വിൻസെന്റ്. കെ. എൻ അനന്തകുമാർ, ബീന സെബാസ്റ്റൻ, ഷീബ സുരേഷ്, കെ. പി സുമ, ഇന്ദിര എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. തട്ടിപ്പ് നടത്തിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയാണെന്നും പരാതിയുടെ അടിസ്ഥാനത്തിലാണ് ലാലി വിൻസെന്റിനെ പ്രതി ചേർത്തതെന്നും കണ്ണൂർ കമ്മിഷ്ണർ പറഞ്ഞു. 

കണ്ണൂർ ജില്ലയിൽ  നിലവിൽ 2000ലേറെ പരാതികൾ അനന്തു കൃഷ്ണനും സംഘത്തിനുമെതിരെ ലഭിച്ചു. കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ നിന്ന് മാത്രം 700ലേറെ പരാതികളും ലഭിച്ചു. 

ENGLISH SUMMARY:

Lali Vincent stated that Ananthakrishnan is like a son to her and denied any fraud allegations. She told Manorama News in Kochi that she is aware of the good deeds Ananthu has done and will not disown him. She has known him for four to five years through a case-related connection. According to her, the issue arose due to differences of opinion between Ananthu and Anand Kumar, and it is up to the police to determine if any mismanagement occurred.