കെഎസ്ആര്‍ടിസിയില്‍ കോണ്‍ഗ്രസ് അനുകൂല യൂണിയനായ ടി.ഡി.എഫിന്റെ പണിമുടക്കില്‍ സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്ത് ഉള്‍പ്പെടെ പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു. കൊട്ടാരക്കരയില്‍ ബസിന് കേടുപാട് വരുത്തി. അതേസമയം, സമരം പൊളിഞ്ഞെന്ന പരിഹസിച്ച ഗതാഗത മന്ത്രി ഗണേഷ് കുമാർ സമരത്തെ രൂക്ഷമായി വിമർശിച്ചു.
തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളില്‍ സമരം തുടങ്ങിയ അര്‍ദ്ധരാത്രി തന്നെ ടി.ഡി.എഫ് പ്രവര്‍ത്തകര്‍ ബസ് തടഞ്ഞിരുന്നു. കൊട്ടാരക്കര ഡിപ്പോയില്‍ ഒന്‍പത് ബസുകളുടെ സ്റ്റാര്‍ട്ടിങ് കേബിളുകള്‍ സമരക്കാര്‍ തകരാറിലാക്കിയെന്ന പരാതി ഉയര്‍ന്നു. തകരാര്‍ പരിഹരിച്ച ശേഷം ബസുകള്‍ സര്‍വീസ് നടത്തി.
തമ്പാനൂര്‍ ഡിപ്പോയില്‍ സര്‍വീസ് തടസപ്പെടുത്തി സമരക്കാര്‍ ബസിന് മുന്‍പില്‍ കിടന്ന് പ്രതിഷേധിച്ചു. പൊലീസുമായി വാക്കേറ്റവുമുണ്ടായി. താല്‍ക്കാലിക ജീവനക്കാരെ ഇറക്കി പണിമുടക്കിനെ നേരിട്ടതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളെ സമരം കാര്യമായി ബാധിച്ചില്ല. കൃത്യമായി ശമ്പളം നൽകണമെന്നത് ഉൾപ്പെടെ ആവശ്യങ്ങൾ ഉയർത്തിയുള്ള സമരത്തെ ജീവനക്കാരും ജനങ്ങളും തോൽപ്പിച്ചെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.