കൊച്ചിയിൽ ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസുകാരൻ മിഹിർ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിന് NOC ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി. കുട്ടി സ്കൂളിൽ പ്രശ്നക്കാരനായിരുന്നെന്ന് സ്കൂൾ വിശദീകരണക്കുറിപ്പ് ഇറക്കി. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സഹപാഠികൾക്കെതിരെ നടപടിയെടുക്കാൻ ആവില്ലെന്നും സ്കൂൾ അറിയിച്ചു.
പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന തെളിവെടുപ്പിനിടെയാണ് മിഹിർ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനോടും ജെംസ് മോഡേൺ അക്കാഡമിയോടും എൻ ഓ സി ഹാജരാക്കാൻ ആവിശ്യപ്പെട്ടത്. ഇന്നലെ എൻ ഓ സി ഹാജരാക്കാൻ സ്കൂളുകൾക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ്, ഗ്ലോബൽ പബ്ലിക് സ്കൂളിന് എൻ ഓ സി ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്ഥിരീകരിച്ചത്.
മിഹിറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് ഗ്ലോബൽ പബ്ലിക് സ്കൂൾ വിശദീകരണക്കുറിപ്പ് അയച്ചു. ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം മിഹിർ ഉൾപ്പടെയുളള സംഘം മറ്റൊരു കുട്ടിയെ മർദിച്ചുവെന്നും ജനുവരി 15ന് രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചുവെന്നും സ്കൂൾ അധികൃതർ പറയുന്നു. അന്നേദിവസം കുട്ടി സാധാരണ രീതിയിൽ തന്നെയാണ് പെരുമാറിയിരുന്നത് എന്ന് ക്ലാസിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നതായി സ്കൂൾ വിശദീകരിക്കുന്നു. മിഹറിന്റെ മരണശേഷം മാത്രമാണ് റാഗിങ്ങിനെ കുറിച്ചുള്ള പരാതി കുടുംബം ഉന്നയിച്ചതെന്നും കുടുംബത്തിന്റെ പരാതിയിൽ നാലു കുട്ടികളുടെ പേരുകൾ പറയുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകളില്ലാതെ നടപടിയെടുക്കാൻ ആവില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മിഹിർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ പഠിച്ചത് 39 ദിവസം മാത്രമാണ്. ആരോപണ വിധേയരായ കുട്ടികളിൽ നിന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ തെളിവെടുപ്പ് നടത്തും.