syro-malabar

TOPICS COVERED

കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിലെ സംഘർഷത്തിൽ പങ്കാളികളായവർക്കെതിരെ നടപടികൾ ആരംഭിച്ചതായി സിറോ മലബാർ സഭ. കാനോൻ നിയമപ്രകാരവും രാജ്യത്തെ നിയമപ്രകാരവുമുള്ള നടപടികൾ ആരംഭിച്ചതായി സഭ വ്യക്തമാക്കി. അതേസമയം, കോടതി ഉത്തരവ് ലംഘിച്ച് ഏകീകൃത കുർബാന അർപ്പിക്കാനെത്തിയവരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് മറുഭാഗത്തിൻ്റെ വാദം.

 

കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കുർബാനയ്ക്കിടെ ഉണ്ടായ സംഘർഷത്തിൻ്റെ പേരിൽ ആരോപണങ്ങൾ തുടരുകയാണ് സഭാ നേതൃത്വവും, ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗവും. കുർബാനയർപ്പിച്ചുകൊണ്ടിരുന്ന വൈദികനുനേരെ നടന്ന അതിക്രമം അപലപനീയമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന ഗുരുതരമായ തെറ്റായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂവെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ വിശ്വാസജീവിതത്തെയും സഭാസംവിധാനങ്ങളെയും അച്ചടക്കത്തെയും ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കൂവെന്നാണ് സഭ നിലപാട്. പ്രീസ്റ്റ്-ഇൻ-ചാർജായി നിയമിക്കപ്പെട്ട ഫാ.ജോൺ തോട്ടുപുറത്തിനെ കയ്യേറ്റം ചെയ്യുകയും, കുർബാന അലങ്കോലപ്പെടുത്തുകയും ചെയ്തവർക്കെതിരെ നടപടികൾ ആരംഭിച്ചതായും സഭ വ്യക്തമാക്കി. എന്നാൽ അക്രമം നടത്തിയത് തങ്ങളെല്ലെന്ന നിലപാടിലാണ് ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗം. കോടതി ഉത്തരവ് ലംഘിച്ച് ഏകീകൃത കുർബാന നടത്തുന്നത് തടഞ്ഞ തന്നെ മർദിക്കുകയായിരുന്നുവെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇടവക വികാരി ഫാ.ജെറിൻ പാലത്തിങ്കൽ പറഞ്ഞു

ENGLISH SUMMARY:

Syro-Malabar Church has announced that action has been initiated against those involved in the conflict at Prasadhagiri Church in Thalayolaparambu, Kottayam