ചിത്തരേഷ് നടേശന്‍, ഷിനു ചൊവ്വ
ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് പൊലിസില്‍ ഇന്‍സ്പെക്ടറായി ജോലി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമങ്ങള്‍ അട്ടിമറിച്ച്. ആംഡ് ബറ്റാലിയന്‍ ഇന്‍സ്പെക്ടര്‍മാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് ചിത്തരേഷ് നടേശന്‍, ഷിനു ചൊവ്വ എന്നിവരെ നിയമിക്കുന്നത്. സ്പോഴ്സ് ക്വാട്ടാ നിയമനത്തിന് പരിഗണിക്കുന്ന കായിക ഇനമല്ല ബോഡി ബില്‍ഡിങെന്നതും മറികടന്നു. അനധികൃത നിയമനം നല്‍കിയത് പ്രത്യേക കേസായി പരിഗണിക്കാമെന്ന വിചിത്ര ഉത്തരവോടെ. പകര്‍പ്പ് മനോരമ ന്യൂസില്‍.
ചിത്തരേഷ് നടേശന്‍, ദക്ഷിണകൊറിയയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലെ മിസ്റ്റര്‍ യൂണിവേഴ്സായ കൊച്ചിക്കാരന്‍. ഷിനു ചൊവ്വ, ബോഡി ബില്‍ഡിങ് ലോക ചാപ്യംന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരനായ കണ്ണൂര്‍ക്കാരന്‍. ഇവര്‍ക്ക് ആംഡ് ബെറ്റാലിയനില്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമനം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇവരുടെ നേട്ടങ്ങളെ നൂറ് ശതമാനം ബഹുമാനിക്കുന്നു. പക്ഷെ പൊലീസില്‍ ഇന്‍സ്പ്കെടര്‍ അഥവാ സി.ഐ എന്ന ഗസറ്റഡ് റാങ്കിലേക്കുള്ള നിയമനം ഒട്ടേറ നിയമങ്ങളും മുന്‍ഗണനകളും ലംഘിച്ചാണ്.
1)പൊലീസിലെ സായുധ സേനാ വിഭാഗത്തിലെ ഇന്‍സ്പ്കെടര്‍ റാങ്കിലേക്ക് കായികതാരങ്ങളെ നേരിട്ട് നിയമിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. അത് അട്ടിമറിച്ചു.
2) സംസ്ഥാനത്തെ നിയമപ്രകാരം ബോഡി ബില്‍ഡിങിനെ സ്പോഴ്സ് ക്വാട്ടാ നിയമനത്തിന് അര്‍ഹമായ കായിക ഇനമായി അംഗീകരിച്ചിട്ടില്ല. അത് ലംഘിച്ചു.
3)പൊലീസ് നിയമനത്തിന് വേണ്ട കായികശേഷി പരീക്ഷ പോലും ഒഴിവാക്കി.
ഇവരെ നിയമിക്കാന്‍ വ്യവസ്ഥയില്ലെന്നാണ് ആഭ്യന്തരവകുപ്പ് ആദ്യം അറിയിച്ചത്. മന്ത്രിസഭ നിര്‍ദേശിച്ചതോടെ പ്രത്യേക കേസായി പരിഗണിച്ച് നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി നിയമനമെന്ന വിചിത്ര ഉത്തരവ്റ ആഭ്യന്തര സെക്രട്ടറി പുറത്തിറക്കി.
ഫുട് ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്‍റോയും ഉള്‍പ്പെടെ അംഗീകൃത കായിക ഇനങ്ങളില്‍ രാജ്യത്തെ പ്രതിനിധികരിച്ച ഒട്ടേറെപ്പേര്‍ ജോലി കാത്ത് കഴിയുമ്പോളാണ് പിന്‍വാതില്‍ എന്ന് വിളിക്കാവുന്ന നിയമനം. ആ പ്രത്യേക പരിഗണനയുടെ കാരണം ഒരുപക്ഷെ ഇവരുടെ ബന്ധം വ്യക്തമാക്കുന്ന ഈ ഫോട്ടോകള്‍ നല്‍കിയേക്കും.