ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിന് ഉന്നതകുലജാതർ വകുപ്പ് മന്ത്രി ആകണമെന്ന വിവാദ പ്രസ്താവനയില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദില്ലിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ പ്രസംഗത്തെ സ്വാർത്ഥ താല്പര്യങ്ങൾക്കായി മലയാള മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.
എന്റെ പ്രസംഗത്തെ വളച്ചൊടിച്ച മലയാള മാധ്യമങ്ങൾക്ക് അറിയേണ്ടത് ഭാരതത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ജാതിവ്യവസ്ഥക്കതീതമായി ഒരൊരുഭാരതീയനെയും തുല്യനായി കാണണം എന്നതാണ് ബാബാസാഹിബ് മുന്നോട്ട് വെച്ച വലിയ സ്വപ്നം. ഈ തുല്യതയുടെ ഭാഗമായാണ് ഭാരതത്തിലെ ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും മുന്നോക്ക വിഭാഗങ്ങൾ സംരക്ഷിക്കണമെന്നും, പിന്നോക്ക വിഭാഗങ്ങൾ മുന്നോക്ക വിഭാഗങ്ങളുടെ കാര്യങ്ങളിലും പങ്കാളികളാകണമെന്നും ഞാൻ ആഗ്രഹിച്ചത്.
ഇന്നെന്‍റെ പ്രസംഗം ദുഷ്ടലാക്ക് ഉപയോഗിച്ച് വളച്ചൊടിച്ച മാധ്യമങ്ങൾക്ക്, അതിന്റെ പൂർണ്ണരൂപം പുറത്തു വിടാനുള്ള ധൈര്യം കാണിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ബിജെപിയോടുമുള്ള നിങ്ങളുടെ വൈരാഗ്യവും എന്നോടുമുള്ള ദ്വേഷവും, എനിക്ക് എന്റെ തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളെ സേവിക്കാനുള്ള പ്രചോദനമാണ് നൽകുന്നത്.
ഒന്നോർക്കുക നിങ്ങൾ ഇന്ന് ‘ആദിവാസി വിരോധി’ എന്ന് ചിത്രീകരിച്ച സുരേഷ് ഗോപിയാണ് വയനാട്ടിലും ഇടുക്കിയിലെ ഇടമലക്കുടിയിലും ആദിവാസികൾക്കായി ശബ്ദമുയർത്തിയ അതേ സുരേഷ് ഗോപി! ജനങ്ങൾക്ക് എന്നെ അറിയാം! – കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.