binoy-vishwom

സുരേഷ് ഗോപിയുടേത് സത്യപ്രതിജ്ഞ ലംഘനമെന്നും ഭരണഘടനസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും കെ.രാധാകൃഷ്ണന്‍ എം.പി. കേരളത്തെ തകര്‍ക്കുന്നനിലപാടാണ് സുരേഷ് ഗോപിയുടേത്. ഉന്നതകുലജാതര്‍ ഭരിച്ചിട്ടും രാജ്യത്തെ പട്ടിണി മാറിയില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ജാതീയ പരാമര്‍ശം യാദൃശ്ചികമല്ലെന്ന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Read Also: പറഞ്ഞത് നല്ല ഉദ്ദേശത്തോടെ; പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നു: സുരേഷ്ഗോപി

സുരേഷ് ഗോപിയുടെ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് നിരക്കാത്തതെന്ന് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. ജാത്യാഭിമാനത്തിന്റെ വക്താവായി നടക്കുന്ന ആളാണ് സുരേഷ് ഗോപി. അത്തരമൊരു ജീർണ മനസ്സിൽ നിന്ന് ആദ്യമായല്ല ഇത്തരം പ്രസ്താവനകൾ വരുന്നത്. നേരത്തെയും നിലവാരമില്ലാത്ത പരാമർശങ്ങൾ നടത്തിയിരുന്നു. 

പ്രസ്താവന പിൻവലിച്ചാലെന്ത് ഇല്ലെങ്കിലെന്ത്? . അദ്ദേഹത്തിൻറെ ചിന്തയും മനസ്സും എന്താണെന്ന് എല്ലാവർക്കും അറിയാം. ഉന്നതകുലത്തിൽ ജനിക്കാത്തതിൽ ദുഃഖിക്കുന്നയാളാണ് സുരേഷ് ഗോപിയെന്നും എം.ബി.രാജേഷ് പറഞ്ഞു. 

ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിന് ഉന്നതകുലജാതർ വകുപ്പ് മന്ത്രി ആകണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ഇവര്‍. ജാതീയപരാമര്‍ശം വൻ വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ സുരേഷ് ഗോപി പിൻവലിച്ചു. പരാമർശം വളച്ചൊടിക്കപ്പെട്ടന്നും വേർതിരിവ് മാറണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. ഡൽഹിയിൽ ബിജെപി കേരള സെല്ലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ഗോത്ര വിഭാഗങ്ങൾക്കായുള്ള വകുപ്പിന്റെ മന്ത്രിയാകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞായിരുന്നു തുടക്കം. 

താൻ ഗോത്ര വിഭാഗത്തിനായി എന്തുചെയ്തെന്ന അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം. ഗോത്ര വിഭാഗത്തിൽനിന്നുള്ളയാളെ രാഷ്ട്രപതി ആക്കിയ പാർട്ടിയാണ് തന്റേതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.  

ENGLISH SUMMARY:

'Upper caste' minister for tribal affairs: Suresh Gopi withdraws controversial statement