ബി.ജെ.പിയിലെ ഔദ്യോഗിക പക്ഷം എന്നതിലുപരി മുന്‍കേന്ദ്രമന്ത്രി വി. മുരളീധരനെ അനുകൂലിക്കുന്നവരാണ് ജില്ലാ അധ്യക്ഷന്മാരില്‍ 23 പേരും. തിരുവനന്തപുരം നഗരജില്ല തന്നെ ഒരു ഉദാഹരണം. ഇവിടെ മുന്‍ ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, കരമന അജിത്, ആര്‍.എസ്.രാജീവ് എന്നിവരാണ് മല്‍സരിച്ചത്. കരമന ജയനും രാജീവും കടുത്ത ഔദ്യോഗിക പക്ഷക്കാരായാണ് അറിയിപ്പെടുന്നത്. എങ്കിലും സമവായ ചര്‍ച്ചകളില്‍ കരമന ജയനാണ് മുന്‍തൂക്കം ലഭിച്ചത്. അദ്ദേഹം ചുമതലയേറ്റ ചടങ്ങിൽ രാജീവ് പങ്കെടുത്തതുമില്ല.
അതുപോലെ സൗത്ത് ജില്ലയില്‍ ഔദ്യോഗിക പക്ഷക്കാരായ മുളയറ രതീഷും രാജമോഹനും എതിര്‍ ചേരിയിലെ മുക്കുംപാലമൂട് ബിജുവും മല്‍സരിച്ചെങ്കിലും മുരളീധരന്റെ കൂടി ആശീര്‍വാദത്തോടെയാണ് ബിജു പ്രസിഡന്റായത്. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടുത്ത തിരുവനന്തപുരം നോര്‍ത്തില്‍ സമവായമുണ്ടാകാത്തത് കാരണമാണ് പ്രഖ്യാപനം വൈകുന്നത്.
ഇടുക്കി നോര്‍ത്ത്, പത്തനംതിട്ട എന്നിവിടങ്ങളിലും ഇതേ നിലതന്നെ. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ ഓരോ പ്രസിഡന്റ് സ്ഥാനമാണ് മറുവിഭാഗത്തിന് ലഭിച്ചത്.
മണ്ഡലം പ്രസിഡന്റുമാരില്‍ എണ്‍പതുശതമാനവും ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്നവരാണ്. സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇത് പ്രതിഫലിക്കും. ഒറ്റപ്പേരിലെത്തിക്കാനുള്ള സമവായ ചര്‍ച്ചകളില്‍ വി.മുരളീധരന്റെ അഭിപ്രായം നിര്‍ണായകവുമാകും.