mar-joseph-pamplani-3

ഏകീകൃത കുർബാനയിൽ പിന്നോട്ടുപോക്ക് അസാധ്യമെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രപൊലിറ്റൻ വികാരിയായി ചുമതലയേറ്റ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. കുർബാന തർക്കം സമവായത്തോടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈകിട്ട് സമവായ ചർച്ച നടക്കാനിരിക്കെ, ബിഷപ്സ് ഹൗസിലെ സംഘർഷത്തിൽ വൈദികർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

 

രാവിലെ പത്തിന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലും മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്‌കോ പുത്തൂർ എന്നിവർക്ക് ഒപ്പമെത്തിയാണ് എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലീത്തൻ വികാരിയായി ആർച്ച് ബിഷപ്പ്  മാർ ജോസഫ് പാമ്പ്ലാനി ചുമതലയേറ്റത്. സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പോലീസ് സുരക്ഷയിലാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ബിഷപ്പ് ഹൗസിൽ എത്തിയത്. ഏകീകൃത കുർബാന എന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന് മാർ ജോസഫ് പാംപ്ലാനി ചുമതല ഏറ്റെടുത്ത ശേഷം വ്യക്തമാക്കി. ഒരു കുർബാനയെങ്കിലും ഏകീകൃത കുർബാന ചൊല്ലുന്ന വൈദികർക്കെതിരെ നടപടി ഉണ്ടാകില്ലെന്ന വ്യവസ്ഥ തുടരാനാണ് തീരുമാനം.

 

ഏൽപ്പിച്ച ചുമലത വിശ്വസ്തതയോടെ ചെയ്തിട്ടുണ്ടെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും സ്ഥാനം ഒഴിഞ്ഞ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്‌കോ പുത്തൂർ പറഞ്ഞു.

 

ബിഷപ് ഹൗസിലേക്ക് അതിക്രമിച്ചു കയറി നാശ നഷ്ടങ്ങൾ ഉണ്ടാക്കിയതിന് 21വൈദികർക്ക് എതിരെ ജാമ്യ മില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിന് പുറമെ സംഘാടകർക്ക് എതിരെയും വൈദികർക്ക് എതിരെയും റോഡ് തടഞ്ഞു പ്രതിഷേധം സംഘടിപ്പിച്ചതിനും പൊലീസുകാരെ അക്രമിച്ചതിനും കേസ് എടുത്തു. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾക്ക് തിടുക്കം വേണ്ടെന്ന നിലപാടിലാണ് പോലീസ്.

ENGLISH SUMMARY:

Mar Joseph Pamplany says there will be no retreat from the unified Mass