കൊച്ചിയിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് മൃദംഗ വിഷനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങളെന്ന് ഉടമ നിഗോഷ് കുമാര്‍ മാധ്യമങ്ങളോട്. എല്ലാ പണ ഇടപാടുകളും ബാങ്കു വഴിയാണ് നടത്തിയതെന്ന് സംഘാടകരായ മൃദംഗ വിഷന്‍. മൂന്നരക്കോടി രൂപയാണ് കിട്ടിയത്. ഒരാളില്‍ നിന്ന് 2900 രൂപയും ജി.എസ്.ടിയുമാണ് വാങ്ങിയത്. ഇതില്‍ തൊള്ളായിരം രൂപ നൃത്ത അധ്യാപികമാര്‍ക്കു നല്‍കി. 390 രൂപയാണ് സാരിക്കു നല്‍കിയത്. ഗിന്നസ് ബുക് അധികൃതരുടെ വരവിന് മാത്രം ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് ചെലവായത്. പങ്കെുത്ത പന്ത്രണ്ടായിരം പേര്‍ക്കും അവരുടെ പേരു സഹിതം രണ്ടു മാസത്തിനകം ഗിന്നസ് റെക്കോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.
Read Also: വെന്‍റിലേറ്റര്‍സഹായം കുറച്ചു; പുതുവല്‍സരം നേര്‍ന്ന് ഉമ തോമസ്
അതേസമയം. കലൂരിലെ മെഗാനൃത്ത പരിപാടിയുടെ സംഘടകര്‍ക്കെതിരെ ഭീമമായ തുക കൈപറ്റിയതിന് വഞ്ചനാകുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പരിപാടിക്ക് അനുമതി നല്‍കിയതില്‍ ചട്ട പ്രകാരം നടപടി സ്വീകരിക്കാതിരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എന്‍ നിതയെ സസ്പെന്‍ഡ് ചെയ്തു. അതേസമയം, വെന്‍റിലേറ്ററില്‍ തുടരുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
ഉമ തോമസ് പതിയെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുകയാണ്. പുതുവര്‍ഷ ദിനത്തില്‍ ആശുപത്രിയില്‍ നിന്ന് ഏറെ പ്രതീക്ഷയുള്ള വിവരം. മകനെയും പരിചയക്കാരെയും തിരിച്ചറിയുന്നു. നേരിയ ശബ്ദത്തില്‍ ചുണ്ടനക്കി സംസാരിക്കുന്നുണ്ട്. ശിരസിലെ പരുക്കിനെക്കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍.
ഉമ തോമസിന്‍റെ അപകടത്തിനിടയാക്കിയ നൃത്തപരിപാടിയുടെ മുഖ്യസംഘാടകരായ മൃദംഗ വിഷന്‍റെ എംഡി എം നിഗോഷ്, നൃത്ത പരിപാടിയുടെ അമരക്കാരി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവരടക്കം നാല് പേര്‍ക്കെതിരെയാണ് കാക്കനാട് സ്വദേശി ബിജിയുടെ പരാതിയില്‍ വഞ്ചനാകുറ്റം ചുമത്തിയത്. ഗിന്നസ് റെക്കോര്‍ഡിന്‍റെ പേരുപറഞ്ഞ് നൃത്തപരിപാടിയില്‍ പങ്കെടുത്ത 12,000ത്തോളം പേരില്‍ നിന്ന് ഭീമമായ തുക പിരിച്ചെടുത്തുവെന്നും നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പാണെന്നും എഫ്െഎആറിലുണ്ട്. പൊലീസ് പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. ബാലാവകാശ കമ്മിഷനും കേസെടുത്തു. കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബഹ്റയുടെ പ്രചാരണ വീഡിയോ സംഘാടകര്‍ പുറത്തിറക്കിയിരുന്നു.
പരിപാടിയില്‍ പങ്കെടുത്ത നര്‍ത്തകര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് കൊച്ചി മെട്രോ നല്‍കി. മുപ്പതിനായിരത്തിലധികം പേരെത്തിയ പരിപാടിക്ക് 25 പൊലീസുകാരെ മാത്രമാണ് സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നത്. പൊലീസ് സേവനത്തിനായി 62,000 രൂപ അടയ്ക്കുകയും ചെയ്തു. സ്വകാര്യ സുരക്ഷ ജീവനക്കാര്‍ ആവശ്യത്തിനുണ്ടെന്ന വാദം ഉന്നയിച്ചാണ് സംഘാടകര്‍ പൊലീസുകാരുടെ എണ്ണം കുറച്ചത്. എന്നാല്‍ ഗതാഗതം നിയന്ത്രിക്കാന്‍ അന്‍പതോളം പേരെ പൊലീസ് സ്വമേധയാ നിയോഗിച്ചിരുന്നു.