ബിരുദ ബിരുദാനന്തരധാരികൾക്ക് ഒറ്റദിവസംകൊണ്ട് സർട്ടിഫിക്കറ്റ് നൽകാൻ എംജി സർവ്വകലാശാല. എംജി സർവ്വകലാശാലയുടെ ബജറ്റിലാണ് സർട്ടിഫിക്കറ്റുകൾ വേഗത്തിൽ നൽകുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം എടുത്തത്. വിദ്യാഭ്യാസത്തിനൊപ്പം തന്നെ സംരംഭകരാകാനുള്ള പദ്ധതികളും സർവ്വകലാശാല പ്രഖ്യാപിച്ചു.
എംജി സർവ്വകലാശാലയിൽ ബിരുദ ബിരുദാനന്തരധാരികളായവർ സർട്ടിഫിക്കറ്റിനായി മാസങ്ങളോളം സർവകലാശാല കയറിയിറങ്ങേണ്ട സ്ഥിതി ഇനി ഉണ്ടാവില്ല എന്നാണ് സർവകലാശാല സിൻഡിക്കേറ്റും വൈസ് ചാൻസലറും നൽകുന്ന ഉറപ്പ്. ബിരുദ സർട്ടിഫിക്കറ്റിനായി പണം അടച്ചാൽ അന്നേദിവസം തന്നെ സർട്ടിഫിക്കറ്റ് വിദ്യാർഥിയുടെ കയ്യിൽ കിട്ടും. മാസങ്ങളും വർഷങ്ങളും സർട്ടിഫിക്കറ്റിനായി കാത്തിരിക്കേണ്ട സ്ഥിതിയുള്ളപ്പോഴാണ് സർവ്വകലാശാല പുതിയ തീരുമാനമെടുക്കുന്നത്.
പരീക്ഷകളുടെ മൂല്യനിർണയം വേഗത്തിലാക്കാനും നടപടികൾ എടുക്കും.. ഇനിമുതൽ സർവകലാശാലയിൽ ഓൺലൈൻ മൂല്യനിർണയം ആയിരിക്കും നടപ്പിലാവുക. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത അധ്യാപകർക്ക് ഓൺലൈൻ ആപ്ലിക്കേഷൻ മുഖേന ലഭ്യമാക്കുന്നതോടെ സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. 650 കോടി രൂപ വരമുള്ള സർവ്വകലാശാലയിൽ ചെലവ് 672 കോടിയാണ്. പഠനത്തിനൊപ്പം തന്നെ സംരംഭകരാകാനുള്ള പുതിയ പദ്ധതികൾ, ഗാന്ധി മ്യൂസിയം, അംബേദ്കറുടെ പേരിൽ പഠനകേന്ദ്രം തുടങ്ങിയവയാണ് സർവ്വകലാശാല മുന്നോട്ടുവയ്ക്കുന്ന പ്രധാന പദ്ധതികൾ.