വയനാടിന് പ്രത്യേക കേന്ദ്രം സഹായം അനുവദിച്ചാല്‍ തന്നെ അത് മാസങ്ങള്‍ വൈകുമെന്ന് ആശങ്ക. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസെസ്മെന്‍റ് റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മാത്രം മൂന്നുമാസത്തോളം സമയമെടുക്കും. ഇതിനിടെ വ്യക്തികള്‍ മുതല്‍ സംസ്ഥാനങ്ങള്‍ വരെ വാഗ്ദാനം ചെയ്ത സഹായം നേടിയെടുക്കുന്നത് സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്.
വയനാടിന് കേന്ദ്രസഹായം കിട്ടുമോ? കിട്ടിയാല്‍ തന്നെ എന്നുകിട്ടും എന്നീ ചോദ്യങ്ങളാണ് ഉയരുന്നത്. സഹായം ലഭിച്ചാല്‍ തന്നെ അത് വൈകാനാണ് സാധ്യത . സംസ്ഥാനം Post disaster need assessment report നല്‍കിയത് നവംബര്‍ 13 ന് മാത്രമാണ് . ഇത് കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെ ഏകോപന സമിതി പരിശോധിക്കാനും ദേശീയ ദുരന്തനിവാരണ ഏജന്‍സി അഭിപ്രായം അറിയിക്കാനും കുറഞ്ഞത് മൂന്നുമാസമെടുക്കും. അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പു നല്‍കുന്ന ശുപാര്‍ശയില്‍ പ്രധാനമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
ഇത്രയും കാലം പുനരധിവാസം തുടങ്ങാന്‍ കാത്തിരിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാരിനറിയാം. അത് വന്‍വിമര്‍ശനത്തിന് വഴിവെക്കും. വിവിധ സര്‍ക്കാരുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ , വ്യക്തികള്‍ എന്നിവര്‍വാഗ്ദാനം ചെയ്ത സഹായങ്ങള്‍ ഏകോപിപ്പിക്കുന്നത് സര്‍ക്കാരിന്‍റെ സജീവപരിഗണനയിലാണ്. പ്രായോഗികവും രാഷ്ട്രീയവുമായ വശങ്ങളെല്ലാം പരിഗണിച്ച് മുഖ്യമന്ത്രിയാകും അന്തിമ തീരുമാനമെടുക്കുക.
കര്‍ണാടക , തെലുങ്കാന സര്‍ക്കാരുകള്‍ കേരളം അനുവദിച്ചാല്‍ സ്വന്തം നിലക്ക് ഭൂമി വാങ്ങി വീടുവെച്ചു നല്‍കാം എന്ന നിലപാട് അറിയിച്ചുകഴിഞ്ഞു. രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളില്‍ 25 വീട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നല്‍കാമെന്നും അറിയിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയില്ലെങ്കില്‍ 15 ഏക്കര്‍സ്ഥലം വാങ്ങുന്നത് കോണ്‍ഗ്രസിന്‍റെ പരിഗണനയിലുണ്ട്. ലീഗ് പ്രഖ്യാപിച്ച വീടുകള്‍ സ്വന്തം നിലക്ക് സ്ഥലം വാങ്ങി പണികഴിപ്പിക്കാനാണ് ആലോചന. ഇവ സംബന്ധിച്ച കൂടിയാലോചനകള്‍ ഉടന്‍ തുടങ്ങിയേക്കും.