എ.ഡി.എം. നവീന്‍ ബാബുവിന്‍റെ ഇന്‍ക്വസ്റ്റിന് സഹോദരന്‍ അനുമതി നല്‍കിയെന്ന പൊലീസ് സത്യവാങ് മൂലം നുണയെന്ന് കുടുംബം. ഇന്‍ക്വസ്റ്റ് അറിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മാറ്റണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിരുന്നതായും ബന്ധു അനില്‍ പി നായര്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയില്ലെന്ന പൊലീസ് സത്യവാങ് മൂലത്തിന് പിന്നാലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു.
നവീന്‍ ബാബുവിന്‍റെ പോസ്റ്റ് മോര്‍ട്ടത്തിന് മുന്‍പാണ് പൊലീസും കലക്ടറും കുടുംബത്തെ ബന്ധപ്പെട്ടത്. ഇന്‍ക്വസ്റ്റ് കഴിഞ്ഞു എന്ന അറിയിപ്പാണ് കിട്ടിയത്. ഇന്‍ക്വസ്റ്റിന് ബന്ധുക്കള്‍ ആവശ്യമില്ല എന്ന പൊലീസ് വാദം ശരിയല്ല എന്നും അഭിഭാഷകന്‍ കൂടിയായ അനില്‍ പി നായര്‍ പറഞ്ഞു.
Also Read; കുങ്കിയാന അഗസ്ത്യനെ കുത്തിവീഴ്ത്തി കാട്ടുകൊമ്പന്‍; സാരമായ പരുക്ക്
പി.പി.ദിവ്യയടക്കം പ്രതികള്‍ക്ക് അടുത്ത ബന്ധമുള്ള ഇടമായത് കൊണ്ടാണ് പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തെ എതിര്‍ത്തത്. നവീന്‍ ബാബുവിന്‍റേത് തൂങ്ങിമരണമെന്നും കുടുംബം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലം ശരിയല്ല. ആശങ്കകളും സംശയങ്ങളും മാത്രമാണ് കോടതിയെ അറിയിച്ചത്.
ഇതിനിടെ തൂങ്ങിമരണമെന്ന് രേഖപ്പെടുത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നു. മഞ്ഞ പ്ലാസ്റ്റിക് കയറിലാണ് തൂങ്ങിമരിച്ചത്. മറ്റ് മുറിവുകളോ അസ്വാഭാവികതകളോ ഇല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൂങ്ങി മരണമെന്ന് പറഞ്ഞാല്‍ ആത്മഹത്യയല്ല എന്നാണ് കുടുംബത്തിന്‍റെ വാദം. രാസപരിശോധന വേണ്ടി വന്നാലുള്ള ആവശ്യത്തിലേക്കായി ആന്തരികാവയവങ്ങള്‍ സൂക്ഷിച്ചില്ല എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.