തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. ഹൈക്കോടതിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം എഴുന്നള്ളിപ്പുകള്‍ സാധിക്കില്ല. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചനയിലാണെന്നും ദേവസ്വം ഭാരവാഹികള്‍ തൃശൂരില്‍ പറഞ്ഞു.
ആനകളെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തൃശൂര്‍ പൂരം നടത്താന്‍ പറ്റില്ലെന്ന് തട്ടകക്കാര്‍ പറയുന്നു. പകല്‍ സമയത്ത് ആനകളെ എഴുന്നള്ളിക്കുമ്പോള്‍ അത്രയ്ക്കേറെ നിര്‍ദ്ദേശങ്ങള്‍ കോടതി പറഞ്ഞിട്ടുണ്ട്. വെളുപ്പിന് കണിമംഗലം ശാസ്താവ് വരുന്നത് തൊട്ട്, ഉച്ചയ്ക്കു പാറമേക്കാവിലമ്മ എഴുന്നള്ളുന്നത് വരെയുള്ള എഴുന്നള്ളിപ്പുകള്‍ എങ്ങനെ നടത്തുമെന്നാണ് ദേവസ്വം ഭാരവാഹികളുടെ ചോദ്യം?. മൂന്നു മീറ്റര്‍ അകലം പാലിച്ചാല്‍ തെക്കേഗോപുര നടയിലും പാറമേക്കാവ് ക്ഷേത്രത്തിനു മുമ്പിലും എങ്ങനെ ആനകളെ നിര്‍ത്തും. കുടമാറ്റത്തിന് പതിനഞ്ചാനകള്‍ നിരന്നു നില്‍ക്കുന്ന കാഴ്ച ഇത്തവണ ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വം ഭാരവാഹികള്‍ പറയുന്നത്. ഞായറാഴ്ച വിപുലമായ പ്രതിഷേധ കണ്‍വന്‍ഷന്‍ തൃശൂരില്‍ ചേരുന്നുണ്ട്.
തൃശൂര്‍ ജില്ലയിലെ 1600 ഉല്‍സവങ്ങളുടെ എഴുന്നള്ളിപ്പുകളും പ്രതിസന്ധിയിലാണ്. പുതിയ ആനകള്‍ കേരളത്തില്‍ വരുന്നില്ല. നിലവിലുള്ള ആനകളെ എഴുന്നള്ളിക്കാന്‍ നിയമപരമായ കൂച്ചുവിലങ്ങും. സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലേക്ക് നീങ്ങുമെന്നാണ് ദേവസ്വങ്ങളുടെ പ്രതീക്ഷ. കേന്ദ്ര ഏജന്‍സിയായ പെസോയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം, പൂരം വെടിക്കെട്ട് പഴയപടി നടത്താന്‍ കഴിയില്ല. ഘട്ടംഘട്ടമായി കൂടുതല്‍ സമര പരിപാടികളിലേക്ക് നീങ്ങുകയാണ് ദേവസ്വങ്ങള്‍. പ്രത്യേകിച്ച്, ഉല്‍സവ സീസണ്‍ തുടങ്ങിയ പശ്ചാത്തലത്തില്‍. ആറാട്ടുപുഴയില്‍ നാളെ വൈകിട്ട് പ്രതിഷേധ പ്രതീകാത്മക പൂരവും സംഘടിപ്പിക്കുന്നുണ്ട്.