
എയ്ഡന് കൂട്ടായി എയ്റയെത്തിയ സന്തോഷത്തിലാണ് അനുപമയും അജിത്തും. അനുപമയെ ഓർമ്മയില്ലേ? നഷ്ടപ്പെട്ടു പോയ കുഞ്ഞിനുവേണ്ടി സമാനതകളില്ലാത്ത പോരാട്ടം നടത്തിയ അമ്മ. അനുപമയ്ക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടാമത്തെ കുഞ്ഞു പിറന്നത്. കുഞ്ഞനുജത്തിയെ കൊഞ്ചിച്ച് ആശുപത്രിയിൽ കൂട്ടിരിപ്പാണ് നാലുവയസുകാരൻ എയ്ഡൻ.
മൂന്നുവർഷം മുമ്പ് അനുപമ ഒരുപാട് പൊരുതി തിരികെ പിടിച്ചതാണ് എയ്ഡനെ. ജനിച്ചു മൂന്നാം ദിവസമാണ് അനുപമയ്ക്ക് ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടത്. പേരൂർക്കടയിലെ സിപിഎം നേതാവിന്റെ മകളും എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന അനുപമയ്ക്ക് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തുമായുള്ള പ്രണയബന്ധത്തിലാണ് 2O20 ഒക്ടോബർ 19ന് കുഞ്ഞു ജനിച്ചത്. വിവാഹത്തിന് മുമ്പ് ജനിച്ച കുഞ്ഞിനെ അനുപമയുടെ വീട്ടുകാർ ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് ആന്ധ്രയിലെ കുടുംബം കുഞ്ഞിനെ ദത്തെടുത്തു.
ഒരുമിച്ച് ജീവിതം തുടങ്ങിയ അനുപമയും അജിത്തും കുഞ്ഞിനെ അന്വേഷിച്ചെത്തിയപ്പോഴേയ്ക്കും ആന്ധ്രയിലെ ദമ്പതികൾക്കൊപ്പം ആയിരുന്നു കുഞ്ഞ്. പിന്നീട് കുഞ്ഞിനെ തിരികെ കിട്ടാൻ ആഴ്ചകൾ നീണ്ട സമരം വേണ്ടിവന്നു. ശിശുക്ഷേമ സമിതിക്ക് മുമ്പിൽ സമരം ഇരുന്ന അനുപമയ്ക്കൊപ്പം നാടുമുഴുവൻ കൂടെനിന്നു. 2021 നവംബറിലാണ് കുഞ്ഞിനെ തിരികെ ലഭിച്ചത്. മാതാപിതാക്കൾക്കൊപ്പം സന്തോഷത്തോടെ വളരുന്ന എയ്ഡൻ പ്ലേ സ്കൂളിൽ പോയിത്തുടങ്ങി. കുഞ്ഞു കുടുംബത്തിൻ്റെ സന്തോഷം ഇരട്ടിയാക്കി ഇപ്പോൾ എയ്റയുമെത്തി.