എറണാകുളം -അങ്കമാലി രൂപതയിൽ നാളെ ഡീക്കൻമാരുടെ തിരുപ്പട്ട ദാനം നടക്കാനിരിക്കെ സർക്കുലറുകൾ കത്തിച്ച് പ്രതിഷേധം. ഏകീകൃത കുർബാന അർപ്പിക്കണമെന്ന് നിർദേശിക്കുന്ന അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച സർക്കുലറാണ് അതിരൂപത അൽമായ മുന്നേറ്റ സമിതി കത്തിച്ചത്. അതിരൂപതയ്ക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും സർക്കുലർ വായിച്ചില്ല.
നാളെയാണ് എട്ട് ഡീക്കൻമാർക്ക് തിരുപ്പട്ടം നൽകുന്ന ചടങ്ങ്. ഇതിന് മുന്നോടിയായിട്ടാണ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ എല്ലാ പള്ളികളിലും വായിക്കാൻ സർക്കുലർ ഇറക്കിയത്. ഡിക്കന്മാർ ഒപ്പിട്ടു നൽകിയ സമ്മതപത്രപ്രകാരം അവർ ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാവൂ എന്നാണ് സർക്കുലർ.
നവവൈദികരുടെ പുത്തൻ കുർബാനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ അതത് ഇടവക വികാരിമാർ ചെയ്ത് നൽകണം. ഏകീകൃത രീതിയിൽ കുർബാന അർപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്യേണ്ടത്. സഭയെ സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നവർക്കെതിരെ കാനോനിക നിയമപ്രകാരം നടപടിയെടുക്കുമെന്നും സർക്കുലറിലുണ്ട്.
സർക്കുലർ അംഗീകരിക്കില്ലെന്ന് ഏകീകൃത കുർബാനയേ എതിർക്കുന്ന വിഭാഗം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സെന്റ് മേരിസ് ബസിലിക്ക കത്തീഡ്രലിലടക്കം സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു.
പ്രതിഷേധം കനത്തതോടെ നാളത്തെ തിരുപ്പട്ട ശുശ്രൂഷ അലങ്കോലപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നു. ചടങ്ങിൽ പ്രതിഷേധിക്കുമെന്ന് അൽമായ മുന്നേറ്റം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട. സംഘർഷ സാധ്യത കണക്കിലെടുത്ത് ചടങ്ങിന് പൊലീസും സുരക്ഷയൊരുക്കും.