എഡിഎം നവീന്‍ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് പി.പി.ദിവ്യ ഒളിവില്‍ പോയതു മുതല്‍ കസ്റ്റഡിയിലായതുവരെ നടന്നതെല്ലാം നാടകം. എഡിഎമ്മിന്‍റെ മരണത്തെ തുടര്‍ന്ന് എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ അറസ്റ്റ് ആകാമായിരുന്നു. പക്ഷേ പാര്‍ട്ടി തീരുമാനത്തിന് പൊലീസും കാത്തു. ഒടുവില്‍ പാര്‍ട്ടി ദിവ്യയുടെ നിലപാട് തള്ളിയപ്പോഴേക്കും മുന്‍കൂര്‍ ജാമ്യമെന്ന തുറുപ്പ് അവര്‍ ഇറക്കി കഴിഞ്ഞിരുന്നു. കോടതി തീരുമാനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പൊലീസ്. ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അറസ്റ്റ് അനിവര്യമാകുമെന്നതിനാല്‍ അങ്ങിനെയൊരു സാഹസത്തിനും മുതര്‍ന്നില്ല.
ജാമ്യഹര്‍ജിയില്‍ വാദം കേട്ട തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഒരുരീതിയിലും ബോധിക്കുന്നതായില്ല ദിവ്യയുടെ നിലപാട്. അഴിമതിക്കെതിരായ കുരിശുയുദ്ധമെല്ലാം ദിവ്യയുടെ യാത്രയയപ്പ് യോഗത്തിലെ ഒരൊറ്റ പ്രസംഗം കൊണ്ട് ഒലിച്ചുപോയി. പ്രോസക്യൂഷന്‍റെയും മരിച്ച എഡിഎം നവീന്‍ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെയും വാദം അംഗീകരിച്ച കോടതി ദിവ്യയ്ക്ക് ജാമ്യം നിഷേധിച്ചു. ഈ സമയമെല്ലാം കണ്ണൂര്‍ കണ്ണവത്തെ വീട്ടിലും ബന്ധുവീടുകളിലും അവര്‍ മറിമാറി താമസിച്ചു. ഇതിനിടെ ആശുപത്രിയില്‍ ചികില്‍സയും തേടി. കണ്ണൂര്‍ കമ്മിഷണറുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്വേഷണസംഘത്തിന്‍റെ നിരന്തര നിരീക്ഷണത്തില്‍ ഇക്കാലയളവിലെല്ലാം ദിവ്യയുണ്ടായിരുന്നു.
ജാമ്യഹര്‍ജി തള്ളിയപ്പോഴും കീഴടങ്ങാന്‍ ദിവ്യയ്ക്ക് ഭാവമുണ്ടായിരുന്നില്ല. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടാമെന്നും അതുവരെ കീഴടങ്ങേണ്ടതില്ലെന്നുമായിരുന്നു ദിവ്യയ്ക്ക് അഭിഭാഷകരില്‍ നിന്ന് ലഭിച്ച നിര്‍ദേശം. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നേരിടുന്ന ഈ കാലത്ത് കൂടുതല്‍ ചീത്തപ്പേര് കേള്‍ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഒടുവില്‍ പാര്‍ട്ടി നേതൃത്വം എത്തുകയായിരുന്നു. ഇതനുസിച്ച് കീഴടങ്ങാന്‍ നേതൃത്വം ഉച്ചയോടെ നിര്‍ദേശം നല്‍കി. അവിടം കൊണ്ടുംനാടകം അവസാനിച്ചില്ല. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒരു നാടകത്തിന് ദിവ്യയും പൊലീസും ചേര്‍ന്ന് തിരക്കഥ ഒരുക്കി. ഇതനുസരിച്ച് ദിവ്യയെ പിടിക്കാനെന്ന വ്യാജേന കണ്ണവത്തെ വീട്ടില്‍ പൊലീസെത്തി. അവര്‍ അവിടെ ഇല്ലെന്ന് അറിഞ്ഞു തന്നെയായിരുന്നു പൊലീസിന്‍റെ ഈ അന്വേഷണം. വീട്ടില്‍ ദിവ്യയില്ലെന്ന് പ്രഖ്യാപനം. ഉച്ചകഴിഞ്ഞ് കീഴടങ്ങാനെന്ന രീതിയില്‍ ദിവ്യ കണ്ണൂര്‍ക്ക് യാത്ര തുടങ്ങി കണ്ണപുരമെത്തിയപ്പോള്‍ അവിടെ പൊലീസുമെത്തി. കണ്ടുമുട്ടിപ്പോള്‍ കീഴടങ്ങാനായി എത്തുകയായിരുന്നെന്ന് ദിവ്യയും കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് പൊലീസും.
ദിവ്യയെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയശേഷമുള്ള തിരക്കഥ കണ്ണൂര്‍ സിറ്റി പൊലീസ് വക. കമ്മിഷണര്‍ അജിത്കുമാര്‍ മാധ്യമപ്രവര്‍ത്തകര്‍ മുമ്പാകെ ദിവ്യയുടെ കസ്റ്റഡി പ്രഖ്യാപിച്ചു. കീഴടങ്ങിയോ അതോ അറസ്റ്റോ എന്ന് ചോദിച്ചവരോട് കസ്റ്റഡി എന്നായിരുന്നു കമ്മിഷണറുടെ മറുപടി. എവിടെ നിന്നെന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഉരുണ്ടുകളിച്ചതല്ലാതെ കമ്മിഷണര്‍ വ്യക്തമായി മറുപടി നല്‍കിയില്ല. ഉടന്‍ ദിവ്യയെ ഇവിടേക്ക് എത്തിക്കുമെന്ന് മാത്രം പറഞ്ഞു. അത് കമ്മിഷണര്‍ ഒഫീസിലേക്കാണോ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്കാണോ എന്നും വ്യക്തമാക്കിയില്ല. ഇവിടെ എത്തിച്ച ശേഷം എല്ലാം പറയാമെങ്കിലും അല്ലെങ്കില്‍ ആരെങ്കിലുമൊക്കെ ദിവ്യ ഉള്ളിടം തേടിപ്പോകുമെന്നുമായിരുന്നു കമ്മിഷണര്‍ പറഞ്ഞത്. പക്ഷേ ദിവ്യയുടെ ഒരു ദൃശ്യം പോലും മാധ്യമങ്ങള്‍ക്ക് കൊടുക്കാതെ പൊലീസ് അവരെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ കൊണ്ടുപോയി കയറ്റി.
ഇനി ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈദ്യപരിശോധന്ക്ക് മാത്രമേ അവരെ പുറത്തിറക്കൂ. അത് ഡോക്ടറെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് വൈദ്യ പരിശോധന നടത്തുകയണെങ്കില്‍ ആശുപത്രി യാത്രയും ഒഴിവാക്കാം. റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിവേണം അവരെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കാന്‍.