കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് | Photo - MM Archive
കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന് വിവരം. ഇക്കാര്യമറിഞ്ഞാണ് തോമസ് കെ.തോമസിന്‍റെ മന്ത്രിയാക്കാനുള്ള എന്‍സിപി തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതെന്ന് മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്തു. ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്‍റണി രാജു, ആര്‍എസ്പി ലെനിനിസ്റ്റ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ പണം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ ഘടകകക്ഷിയാണ് എന്‍സിപി അജിത് പവാര്‍ വിഭാഗം.
ആന്‍റണി രാജു എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം | Photo - MM Archive
കഴിഞ്ഞതിന് മുന്‍പത്തെ നിയമസഭാസമ്മേളന കാലയളവില്‍ നിയമസഭയില്‍ വച്ചാണ് തോമസ് കെ.തോമസ് ഈ എംഎല്‍എമാരെ സ്വകാര്യമായി വിളിച്ച് അജിത് പവാര്‍ വിഭാഗത്തിന്‍റെ വാഗ്ദാനം അറിയിച്ചതെന്നാണ് സൂചന. 250 കോടി രൂപയുമായി കേരളം കണ്ണുവച്ച് അജിത് പവാര്‍ രംഗത്തുണ്ടെന്നും ആ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ 50 കോടി വീതം കിട്ടുമെന്നുമായിരുന്നു ഉറപ്പുനല്‍കിയത്. മന്ത്രിയാക്കണമെന്ന തോമസ് കെ.തോമസിന്‍റെ ആവശ്യത്തോട് എന്‍സിപി (ശരദ് പവാര്‍) നേതൃത്വം അനുകൂലനിലപാടെടുക്കാതെ നിന്ന ഘട്ടമായിരുന്നു ഇത്. വിവരമറിഞ്ഞ മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.
ആര്‍എസ്പി ലെനിനിസ്റ്റ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ | Photo - MM Archive
ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ് മുഖ്യമന്ത്രി കത്തുനല്‍കിയെങ്കിലും എംഎല്‍എമാരുമായി സംസാരിച്ചശേഷം മന്ത്രിമാറ്റം വേണ്ടെന്ന് പിണറായി തീരുമാനിക്കുകയായിരുന്നു. പണം നല്‍കാമെന്ന വാഗ്ദാനം ലഭിച്ചെന്ന് ആന്‍റണി രാജു മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇത്തരമൊരു വാഗ്ദാനം ലഭിച്ചിട്ടില്ലെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍റെ നിലപാട്. എന്‍സിപിയിലെ പിളര്‍പ്പിനുപിന്നാലെ എംഎല്‍എമാെര ചാക്കിട്ടുപിടിച്ച് പാര്‍ട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കാനുള്ള അജിത് പവാറിന്‍റെ ശ്രമമായിരുന്നു ഇതിനുപിന്നിലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.