വിലകൂടിയ മദ്യം ക്യൂ നില്‍ക്കാതെ വാങ്ങാന്‍ ബെവ്കോ ഏര്‍പ്പെടുത്തിയ സൗകര്യം കമ്പനിക്കുതന്നെ വിനയായി. ഓണ്‍ലൈനില്‍ മദ്യം ബുക്ക് ചെയ്ത് വാങ്ങാനുള്ള സംവിധാനമാണ് വെബ്സൈറ്റിലെ പിഴവുകാരണം തലവേദനയായത്. ജോണി വാക്കര്‍ ഉള്‍പ്പെടെ വന്‍കിട ബ്രാന്‍ഡുകള്‍ വെറും 40 രൂപയ്ക്ക് ബുക്ക് ചെയ്ത് തിരുവനന്തപുരം സ്വദേശിയായ ഇരുപതുകാരന്‍ ബെവ്കോ ഐടി വിഭാഗത്തെ നാണം കെടുത്തി. സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചറായ യുവാവ് മദ്യം വാങ്ങിക്കൊണ്ടുപോയില്ല. പകരം വിവരം എക്സൈസ് മന്ത്രി എം.ബി.രാജേഷിനെയും ബെവ്കോ ഉദ്യോഗസ്ഥരെയും അറിയിച്ചു.
റിസര്‍ച്ചിന്‍റെ ഭാഗമായാണ് യുവാവ് ബെവ്കോ വെബ്സൈറ്റിലെ പിഴവ് കണ്ടെത്തിയത്. ഓണ്‍ലൈനില്‍ പണമടച്ചശേഷം മൊബൈലില്‍ ലഭിക്കുന്ന കോഡുമായി ബെവ്കോ ഔട്‍ലറ്റിലെത്തിയാല്‍ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം. ഔട്‍ലറ്റുകളിലെ തിരക്ക് കുറക്കുന്നതിനുവേണ്ടിക്കൂടിയാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. ബെവ്കോയുടെ വെബ്സൈറ്റില്‍ ഇതിനായി ഉള്‍പ്പെടുത്തിയ മോഡ്യൂളില്‍ വലിയ പിഴവ് കണ്ടെത്തിയതോടെ സംവിധാനം പിന്‍വലിച്ചു.
സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ സംവിധാനം പുനരാരംഭിക്കൂ എന്ന് ബെവ്കോ അധികൃതര്‍ അറിയിച്ചു. പിഴവ് കണ്ടെത്തിയ വിദ്യാര്‍ഥി പേരുവെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.