71 ലക്ഷം പേർ കാത്തിരുന്ന ഓണം ബംപർ ഭാഗ്യം ഇത്തവണയും അതിർത്തി കടന്നു. 25 കോടിക്ക് അർഹനായത് കർണാടക പാണ്ഡവപുരം സ്വദേശി അൽത്താഫ്. വൈകിട്ടോടെ അൽത്താഫും ബന്ധുക്കളും ടിക്കറ്റ് കൽപ്പറ്റയിലെ എസ് ബി ഐ ബ്രാഞ്ചിൽ ഹാജരാക്കി
പാണ്ഡ്യപുരത്തെ മെക്കാനിക്കായ അൽത്താഫ് ബന്ധു വീട്ടിലെത്തി മടങ്ങവേയാണ് ബത്തേരിയിലെ എൻ ജി ആർ ലോട്ടറി ഏജൻസിയിൽ നിന്ന് ടിക്കേറ്റെടുത്തത്. 15 വർഷമായി ലോട്ടറി എടുക്കുന്ന ശീലമുള്ള അൽത്താഫിനു ഓണം ബംപറും ഒരു ഭാഗ്യ പരീക്ഷണമായിരുന്നു. ഇന്നലെ നറുക്കെടുപ്പ് നടന്നപ്പോൾ അവിചാരിതമായി ഒന്ന് പരിശോധിച്ചതാണ്. അപ്പോഴാണ് തന്റെ കയ്യിലുള്ള TG 434222 എന്ന ടിക്കറ്റിനാണ് 25 കോടി എന്നറിഞ്ഞത്. വൈകീട്ടോടെ കൽപറ്റ എസ് ബി ഐ ബ്രാഞ്ചിലെത്തി അൽത്താഫ് ടിക്കറ്റ് ഹാജരാക്കി.
Read Also: തിരുവോണം ബംപര്‍; കൈ നനയാതെ മീന്‍ പിടിച്ചത് കേന്ദ്രം; എത്തിയത് കോടികള്‍
കേരളത്തെയാണ് തനിക്ക് വിശ്വാസമെന്നും അത് കൊണ്ടാണ് കൽപ്പറ്റയിലെ ബാങ്ക് തിരഞ്ഞെടുത്തതെന്നും അൽത്താഫ്. തിങ്കളാഴ്ച വരെ ടിക്കറ്റ് ബാങ്കിൽ സൂക്ഷിക്കും. ശേഷം ലോട്ടറി വകുപ്പിന് കൈമാറും. ഒന്നാം സമ്മാനം ലഭിച്ചതിൽ അൽത്താഫിന്റെ കുടുംബവും ഹാപ്പി. അർഹരേ സഹായിക്കുമെന്നും ദൈവത്തിന് നന്ദിയെന്നും കുടുംബം പ്രതികരിച്ചു.
അങ്ങനെ ആ കാത്തിരിപ്പിനും അവസാനമായി. ചുരം കയറിയെത്തിയ ഭാഗ്യം ബന്ധിപ്പൂരും കടന്ന് കർണാടകയിലെത്തി. ഇനി അടുത്ത ബംപർ വരെ കാത്തിരിക്കാം..