lottery-tax

തിരുവോണം ബംപറിലൂടെ സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ കൂടിയാണ് കോടികള്‍ കൊയ്യുന്നത്. ഒരു രൂപ ചെലവാക്കാതെ 55 കോടിയിലധികമാണ് കേന്ദ്ര ഖജനാവിലേക്ക് തിരുവോണം ബംപര്‍ എത്തിച്ചത്. സമ്മാനത്തുകയുടെ വലിയൊരു ഭാഗവും നികുതിയായി കേന്ദ്ര ഖജനാവിലേക്ക് മാത്രമാണ് പോകുന്നത്.

500 രൂപ വിലയുള്ള പ്രിന്‍റഡ് കടലാസ്, ഒറ്റയടിക്ക് 25 കോടി വിലയുള്ളതായി മാറുന്ന മാജിക്കാണ് തിരുവോണം ബംപര്‍ 71.43 ലക്ഷം ടിക്കറ്റുകള്‍, അതിലൊന്ന് ആ മാജിക്കായി മാറി. ഇത്രയും ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്യാന്‍ ലോട്ടറി വകുപ്പിന് വരുന്ന ചിലവ് ഏതാണ്ട് 72 ലക്ഷമാണ് അത്രയും രൂപ ചെലവിട്ട് സര്‍ക്കാര്‍ ഖജനാവിലേക്കെത്തിക്കുന്നത് കോടികള്‍. 

ഒരു ലോട്ടറി ടിക്കറ്റിന്‍റെ വില 500 രൂപയാണെങ്കിലും, ലോട്ടറി വകുപ്പ് ഏജന്‍റിന് വില്‍ക്കുന്നത് 400 രൂപയ്ക്കാണ്. ഇതില്‍ 112 രൂപ ജി.എസ്.ടിയാണ്. അതുകഴിഞ്ഞ് ലോട്ടറി വകുപ്പിന് ഒരു ടിക്കറ്റ് വിറ്റാല്‍ കിട്ടുന്നത് 288 രൂപ. 71.43 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. അപ്പോള്‍ ആകെ വരുമാനം 205.71 കോടി. 112 രൂപ ജി.എസ്.ടിയില്‍ 56 രൂപ സംസ്ഥാന സര്‍ക്കാരിനുളളത്.  അതുവഴി 40 കോടി രൂപ ഖജനാവിലേക്കെത്തും. അങ്ങനെ ആകെ സര്‍ക്കാരിന് വരുമാനം: 245.71 കോടി. അതുപോലെ ഭാരിച്ച ചെലവുമുണ്ട്.

 

25 കോടിയുടെ ഒന്നാം സമ്മാനം മാത്രമല്ല, രണ്ടാം സമ്മാനമായി നല്‍കുന്ന ഒരു കോടി വീതം 20 പേര്‍ക്കാണ്. 50 ലക്ഷം വീതം ഇരുപത് പേര്‍ക്കാണ് മൂന്നാം സമ്മാനം. അഞ്ച് ലക്ഷം, രണ്ട് ലക്ഷം, അയ്യായിരം, രണ്ടായിരം, ആയിരം, അഞ്ഞൂറ് അങ്ങനെ 9 സമ്മാന ഘടനകള്‍. ഏതാണ്ട് 5.34 ലക്ഷം പേര്‍ക്ക് ഈ സമ്മാനങ്ങള്‍ ലഭിക്കും. 125.54 കോടി രൂപയാണ് ആകെ സമ്മാനത്തുകയായി നല്‍കുന്നത്. 

ടിക്കറ്റ് പ്രിന്‍റിങ് ചെലവുകള്‍ കൂടി കഴിഞ്ഞാല്‍ സര്‍ക്കാരിന് കിട്ടുക 120.17 കോടി രൂപയാണ്. മാര്‍ക്കറ്റിങ്ങിനായി ലോട്ടറി വകുപ്പ് ചെലവഴിക്കുന്ന കോടികള്‍ കൂടി കിഴിച്ചാല്‍ ഈ വരുമാനം ഇനിയും കുറയും.  അതേസമയം കൈനനയാതെ മീന്‍പിടിക്കുന്ന ഒരു കക്ഷിയുണ്ട്. അതാണ് കേന്ദ്രസര്‍ക്കാര്‍ ഒരു ലോട്ടറി വിറ്റാല്‍ കേന്ദ്രത്തിന് ജി.എസ്.ടിയായി 56 രൂപ ലഭിക്കും.

72 ലക്ഷം ടിക്കറ്റുകളുടെ ജി.എസ്.ടിയായി 40 കോടി രൂപ കേന്ദ്ര ഖജനാവിലെത്തി. സമ്മാനത്തുകയുടെ ആദായ നികുതിയും കേന്ദ്രത്തിന് കിട്ടും. ഇത്തരത്തില്‍ ഏതാണ്ട് 15 കോടി രൂപ കേന്ദ്ര ഖജനാവിലേക്കെത്തും. അങ്ങനെ ഒരു ചെലവുമില്ലാതെ കേന്ദ്രത്തിന് കിട്ടുക ചുരുങ്ങിയത് 55 കോടി രൂപയാണ്. 

25 കോടി രൂപ ഒന്നാം സമ്മാനമടിച്ചാല്‍ ഇത് മുഴുവന്‍ ബംപറടിക്കുന്നയാള്‍ക്ക് കിട്ടില്ല. ഇതില്‍ വലിയൊരു ഭാഗം സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമെന്നാണ് പൊതുവെ നിലനില്‍ക്കുന്ന ധാരണ. ഇത് തെറ്റാണ്, സമ്മാനത്തുകയില്‍ നിന്ന് ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാരിന് ലഭിക്കില്ല. 25 കോടിയില്‍ 2.5 കോടി രൂപയാണ് ഏജന്‍റ് കമ്മീഷന്‍. ബാക്കി 22.5 കോടിയില്‍ 30 ശതമാനം ആദായ നികുതി. 

അതായത് 6.75 കോടി കേന്ദ്ര ഖജനാവിലേക്ക് പോകും. എല്ലാം കഴിഞ്ഞ് 15.75 കോടിയാണ് ഭാഗ്യശാലിക്ക് കിട്ടുക. ചുരുക്കത്തില്‍, പണിയെടുത്താണ് സംസ്ഥാന സര്‍ക്കാരിന് ബംപറടക്കുന്നതെങ്കില്‍ ഒരു പണിയുമെടുക്കാതെ, ഒരു രൂപ ചെലവാക്കാതെ ബംപറടിക്കുന്നത് കേന്ദ്രസര്‍ക്കാരിനാണ്. 

ENGLISH SUMMARY: