
മലയാള സിനിമ മേഖലയില്‍ ബുദ്ധിമുട്ടില്ലെന്ന് ഒരു നടി പറഞ്ഞപ്പോള്‍ ഹേമ്മ കമ്മിറ്റി ഞെട്ടിയത് എന്തിനെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. അമ്മയിലെ പല വനിത അംഗങ്ങളുടേയും മൊഴി ഹേമ കമ്മിറ്റി അന്വേഷിച്ചിട്ടില്ലെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
'എന്നെ ഹേമ കമ്മിറ്റി വിളിച്ചിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും രണ്ടോ മൂന്നോ പ്രാവിശ്യം ഹാജരായിട്ടുണ്ട്. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചത്. എന്നെ വിളിച്ചിട്ടില്ല. സംഘടനയിലുള്ള പല വനിത അംഗങ്ങളേയും കമ്മിറ്റി വിളിക്കുകയോ അവരുടെ പരാതികള്‍ കേള്‍ക്കുകയോ ചെയ്തിട്ടില്ല. ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്ന് ഒരംഗം പറഞ്ഞപ്പോള്‍ കമ്മിറ്റി ഞെട്ടിപ്പോയെന്നാണ് പറഞ്ഞത്. അപ്പോള്‍ ബുദ്ധിമുട്ടുണ്ടായില്ല എന്ന് പറയാന്‍ പറ്റില്ലേ,' സിദ്ദിഖ് പറഞ്ഞു.
മലയാള സിനിമയില്‍ ഒരു സ്ത്രീയും പ്രശ്നം നേരിടുന്നതായി കേട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി സ്ഥാപക അംഗം പറഞ്ഞത് ഞെട്ടലുണ്ടാക്കിയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മൊഴി നല്കിയ എല്ലാം അംഗങ്ങളും പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ വിപരീതമായി കേട്ട ഈ പരാമര്‍ശം തങ്ങള്‍ മുഖവിലക്ക് എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.