hema-commission-report
  • മലയാള സിനിമാരംഗത്ത് ഗുരുതരമായ ലൈംഗികചൂഷണമെന്ന് ഹേമ കമ്മിറ്റി
  • കമ്മിറ്റിക്കുമുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
  • ‘അവസരം കിട്ടാന്‍ ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെടുന്നു’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ച് കേരളം. സെക്സും വയലന്‍സും ഡ്രഗ്സും നിറഞ്ഞ്, സ്ത്രീകളെ അടക്കിവാഴുന്ന ആണധികാര കേന്ദ്രമാണ് സിനിമാലോകമെന്ന് റിപ്പോര്‍ട്ട്. പുരുഷന്‍മാര്‍ക്ക് വഴങ്ങിക്കൊടുത്തില്ലങ്കില്‍ സ്ത്രീകള്‍ക്ക് അവസരമില്ല. പ്രശസ്തരായ വ്യക്തികള്‍ പോലും സ്ത്രീകളെ ചൂഷണം ചെയ്തെന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടിലുണ്ട്. നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സംവിധായകന്‍ നായികനടിയെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും മൊഴി. നടന്‍മാരില്‍ പലരും ലൊക്കേഷനിലെത്തുന്ന ലഹരിമരുന്ന് ഉപയോഗിച്ചെന്നും കണ്ടെത്തല്‍. 

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെയും നീതിനിഷേധത്തിന്റെയും ഞെട്ടിക്കുന്ന മൊഴികളടങ്ങിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തോളം പൂഴ്ത്തി വച്ചത്. അവസരം വേണമെങ്കില്‍ സംവിധായകനും നിര്‍മാതാവും നായകനും തുടങ്ങി പലര്‍ക്കും ശരീരം കാഴ്ചവെക്കേണ്ട കാസ്റ്റിങ് കൗച്ച് മലയാളത്തിലും വ്യാപകം. 

അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ തന്നെ ഹോട്ടലിലേക്ക് ക്ഷണിക്കും. സെക്സിന് നിര്‍ബന്ധിക്കലാണ് പിന്നീട്. വഴങ്ങിക്കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് ചില നടിമാര്‍ കരുതുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്ന അമ്മമാരുമുണ്ടെന്ന് നടുക്കുന്ന വിവരവും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അവസരം ലഭിച്ചാലും ലൈംഗിക ചൂഷണം തീരില്ല.  

അവസരം കിട്ടാന്‍ ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെടുന്നു

ഒരു നടിയുടെ മൊഴി ഇങ്ങിനെ–ഷൂട്ടിങിന് ശേഷം രാത്രി ഹോട്ടലിലെത്തി. പത്ത് മണി കഴിഞ്ഞതോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. വാതില്‍ തുറക്കാനും ആവശ്യപ്പെട്ടു. തുറക്കാതിരുന്നതോടെ വാതില്‍ തല്ലിപ്പൊളിച്ച് അകത്ത് കടക്കുമെന്ന പേടിയായി. ഉറങ്ങാതിരുന്നാണ് ശരീരം കാത്തത്. 

ഇങ്ങിനെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതില്‍ സിനിമാ ലോകത്തെ വളരെ പ്രശസ്തരായ വ്യക്തികള്‍ വരെയുണ്ടെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് അടിവരയിടുന്നു. ലൈംഗികമായി വഴങ്ങാന്‍ തയാറാകാത്തവരെ പലതരത്തില്‍ ഉപദ്രവിക്കും. ഫാന്‍സിനെക്കൊണ്ട് സൈബര്‍ ആക്രമണം നടത്തും. സിനിമയില്‍ നിന്ന് വിലക്കും. 

സംവിധായകന്റെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങാതിരുന്നതോടെ ഒരു സീന്‍ തന്നെ പതിനാറ് തവണ എടുപ്പിച്ച് പീഡിപ്പിച്ചെന്നാണ് ഒരു യുവനടി വെളിപ്പെടുത്തിയത്. 40000 രൂപ തരാമെന്ന് പറഞ്ഞിരുന്ന പ്രതിഫലം 8000മായി വെട്ടിക്കുറച്ചതാണ് മറ്റൊരു നടിയുടെ അനുഭവം. ഇതിനെല്ലാം പുറമെ നഗ്നതാപ്രദര്‍ശനത്തിന് നിര്‍ബന്ധിക്കുന്ന അനുഭവങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 

വഴങ്ങുന്ന നടിമാരെ വിളിക്കുന്നത് പ്രത്യേക കോഡില്‍

നായികനടിയുടെ മൊഴി ഇങ്ങിനെ. ഷൂട്ടിങ് പകുതിയോളം കഴിഞ്ഞപ്പോള്‍ പകുതിയിലധികം ശരീരം പ്രദര്‍ശിപ്പിച്ച് ലിപ് ലോക് സീനില്‍ അഭിനയിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. ഒടുവില്‍ അവര്‍ ആ സിനിമ ഉപേക്ഷിച്ചു. എന്നാല്‍ ഹോട്ടലില്‍ വന്ന് കണ്ടില്ലങ്കില്‍ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് പറഞ്ഞായി സംവിധായകന്റെ ഭീഷണി. 

ഇത്തരം ദുരനുഭവങ്ങള്‍ക്കെതിരെ ഇന്റേണല്‍ കമ്മിറ്റികളില്‍ മൊഴി നല്‍കിയാല്‍  ആ പരാതി ചോര്‍ത്തി ആ സ്ത്രീയെ തന്നെ അപമാനിക്കുകയും വിലക്കുകയും ചെയ്യും. അങ്ങിനെ മലയാള സിനിമയെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പുകളുണ്ട്. അവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പോലും സാധിക്കുന്നില്ലന്നും കുറ്റപ്പെടുത്തുന്നു.

മദ്യപിച്ചെത്തുന്ന പുരുഷന്‍മാര്‍ ഹോട്ടല്‍ മുറിയുടെ വാതിലില്‍മുട്ടും

നടിമാര്‍ പരാതി നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി സജി ചെറിയാന്‍. രണ്ടുമാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും  സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു 

റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി.രാജീവ്. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ പ്രശ്നപരിഹാരത്തിന് ഉതകുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീസംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും രാജീവ് കൊച്ചിയില്‍ പറഞ്ഞു

തൊഴിലിടത്ത് സ്ത്രീകള്‍ തനിച്ച് താമസിക്കുന്നത് സുരക്ഷിതമല്ല

ഗുരുതരകുറ്റകൃത്യങ്ങള്‍ നടന്നെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പൂഴ്ത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒരു സര്‍ക്കാര്‍ ഓഫിസില്‍ വാക്കാല്‍ ഒരു പ്രയോഗം നടന്നാല്‍ പോലും എന്താവും സ്ഥിതി?. അറിഞ്ഞിട്ടും നടപടിയെടുക്കാതെ ഒളിപ്പിച്ചുവച്ചതും ക്രിമിനല്‍ കുറ്റമെന്നും വി.ഡി.സതീശന്‍. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മുഴുവന്‍ ശരിയാണെന്ന് നടി രഞ്ജിനി. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തന്നെയാണ് ആദ്യം മുതലുള്ള നിലപാടെന്നും ഇപ്പോള്‍ പുറത്തുവന്നതില്‍ സന്തോഷമെന്നും രഞ്ജിനി പ്രതികരിച്ചു.

ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ ഷൂട്ടിങ് സമയത്ത് പീഡനം

റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമെന്ന് നടി രേവതി . റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇത്രയും കാലതാമസം വേണ്ടിയിരുന്നില്ല. പഠനം നടത്തിയത് നല്ലകാര്യം, റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉറപ്പാക്കാന്‍ ഡബ്ല്യുസിസി ഇടപെടുമെന്നും രേവതി. 

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരുന്നത് തടയാൻ അവസാന നിമിഷവും ഹൈക്കോടതിയിൽ നടന്നത് തിരക്കിട്ട നീക്കങ്ങളായിരുന്നു. അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയതോടെ മണിക്കൂറുകൾക്കകം നടി രഞ്ജിനി സിംഗിൾ ബെഞ്ചിന് മുന്നിൽ ഹർജി സമർപ്പിച്ചു. റിപ്പോർട്ട് പുറത്തുവിടാം എന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ അപ്പീൽ നൽകിയെങ്കിലും ഉച്ചയ്ക്കുശേഷം ഡിവിഷൻ ബെഞ്ചിന് സിറ്റിങ് ഇല്ലാതിരുന്നത് തിരിച്ചടിയായി. 

ലിപ് ലോക് രംഗവും അര്‍ധനഗ്ന രംഗവും ഷൂട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ നാടകീയ രംഗങ്ങൾക്കാണ് കേരള ഹൈക്കോടതി ഇന്ന് സാക്ഷിയായത്. രാവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ആദ്യം പരിഗണിച്ചത്. നടി രഞ്ജിനിയുടെ അപ്പീലായിരുന്നു. കേസെടുത്തപ്പോൾ തന്നെ റിപ്പോർട്ട് പുറത്തുവിടരുതെന്ന തന്‍റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ  അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്ന് നിർമാതാവ് സജിമോൻ പാറയിൽ അറിയിച്ചു. തുടർന്ന് ഇരു അപ്പീലുകളും 12 മണിക്ക് പരിഗണിക്കാൻ മാറ്റി. 

അപ്പീൽ സമർപ്പിക്കാനുണ്ടായ സാഹചര്യം വിശദമായി അവതരിപ്പിച്ചെങ്കിലും സിംഗിൾ ബെഞ്ച് തള്ളിയ ഹർജിയിൽ കക്ഷിയല്ലാതിരുന്നതാണ് രഞ്ജിനിക്ക് തിരിച്ചടിയായത്. അപ്പീൽ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് തള്ളി. ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഹർജി ഉടൻ ഫയൽ ചെയ്യുകയാണെങ്കിൽ ഇന്ന് തന്നെ പരിഗണിക്കാൻ നിർദ്ദേശിക്കാമെന്നുമായിരുന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. 

സിനിമ ഉപേക്ഷിച്ചപ്പോള്‍ വിഡിയോ പുറത്തുവിടുമെന്ന് സംവിധായകന്‍റെ ഭീഷണി

നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ സജിമോൻ പാറയിലിന്‍റെ അപ്പീൽ പിന്നീട് പരിഗണിക്കാൻ മാറ്റി. ഇതിനിടെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് റിപ്പോർട്ട് പുറത്തുവിടുമെന്ന പ്രഖ്യാപനമെത്തി. വീണ്ടും എല്ലാ കണ്ണുകളും കോടതിയിലേക്ക്. സജിമോൻ പാറയിലിന്‍റെ അപ്പീലിലെ നടപടിക്രമങ്ങൾ ഉച്ചയോടെ പൂർത്തിയായെങ്കിലും ഉച്ചയ്ക്കുശേഷം ആക്ടിംഗ് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് സിറ്റിങ് ഇല്ലാതിരുന്നതോടെ രഞ്ജിനിയുടെ ഹർജിയായി ശ്രദ്ധാകേന്ദ്രം. 

അതിനിടെ രഞ്ജിനിക്കായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ ഹാജരാകുമെന്ന് അഭ്യൂഹങ്ങളുമെത്തി. ഉച്ചയ്ക്കുശേഷം ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് സിറ്റിങ് തുടങ്ങിയപ്പോൾ സമയം 2.10. ഹർജി സമർപ്പിച്ച കാര്യം രഞ്ജിനിക്കുവേണ്ടി ഡിവിഷൻ ബെഞ്ചിൽ ഹാജരായ അതേ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കും വരെ റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.

സിനിമയില്‍ ലൈംഗിക ചൂഷണമില്ലെന്ന് പ്രമുഖ നടി മൊഴി നല്‍കിയതായി ഹേമ കമ്മിറ്റി

ഹർജി ഇന്നുതന്നെ പരിഗണിക്കാമെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് പക്ഷേ റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇതോടെ നിയമതടസ്സങ്ങൾ ഒന്നുമില്ലാതെ രണ്ടരയ്ക്ക് തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. 

ENGLISH SUMMARY:

Casting couch, sexual favours: Hema Commission's shocking revelations on Malayalam film industry