പ്രളയത്തിൽ തകർന്ന മുണ്ടേരി ഇരുട്ടുകുത്തി പാലം പുനർ നിർമ്മിച്ചില്ല. അഞ്ചു വർഷം പിന്നിടുമ്പോഴും ചാലിയാർ കടക്കാൻ പ്രദേശവാസികൾ ആശ്രയിക്കുന്നത് മുളകൊണ്ട് നിർമ്മിച്ച ചങ്ങാടത്തെയാണ്. നിലവിൽ ചാലിയാറിനു മറുകരയിലുള്ള നാലു ഊരുകളിലെ അറുന്നൂറിലധികം ആളുകൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം ഈ ചങ്ങാടമാണ്.
വയനാടിന്റെ മാറുപിളർന്നെത്തിയ ഉരുളിനെ പേറി ചാലിയാർ നിലതെറ്റി ഒഴുകി. ആർത്തൊഴുകിയ ചാലിയറിനെ വരുതിയിലാക്കി ആദ്യം തുഴ എറിഞ്ഞത് ഈ കാടിന്റെ മക്കളാണ്. മുളങ്കമ്പുകൾ കൂട്ടി കെട്ടി നിർമിച്ച ചങ്ങാടം. അഞ്ചാണ്ടായി പുറം ലോകവുമായുള്ള ബന്ധത്തിന് ഏക ആശ്രയം. ഇവർക്കിതൊരു ഞാണിന്മേൽ കളിയാണ്. മഴ പെയ്താൽ ചാലിയാർ കരകവിഞ്ഞൊഴുകും. പിന്നെ ജീവൻ പണയം വച്ചുവേണം ഈ ചങ്ങാടത്തിൽ മാറുകരെഎത്താൻ. 2019 ലെ പ്രളയത്തിൽ ഒലിച്ചു പോയതാണ് ഇരുട്ടുകുത്തിക്കടവിലെ പാലം. അന്നുതൊട്ട് ഈ ചങ്ങാടമാണ് ഏക ആശ്രയം.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉരുളിനൊപ്പം ചാലിയറിലൂടെ ഒഴുകി വന്ന മൃതദേഹങ്ങൾ തേടിയുള്ള തിരച്ചിലിനും പാലമില്ലാത്തത് പ്രതിസന്ധിയായി. പുഴയ്ക്ക് മറുകര കണ്ടെത്തിയ മൃതദേഹങ്ങൾ കുത്തൊഴുക്കിൽ ചാലിയാർ നീന്തിക്കിടന്നാണ് ഇക്കരെ എത്തിച്ചത്. കാടിന്റെ മക്കളുടെ ഈ ചങ്ങാടമാണ് രക്ഷാപ്രവർത്തകർക്കും തുണയായത്. പുതിയ പാലത്തിനുള്ള പ്രാഥമിക മണ്ണ് പരിശോധന മാത്രമാണിവിടെ നടന്നത്. ആരൊക്കെയോ വന്ന് പരിശോധനകൾ നടത്തിപ്പോയി എന്നാണിവർ പറയുന്നത്. ഊരുകളിൽ നിന്നും ചാലിയാറിന് മറുകര എത്താൻ ഒരു മാർഗ്ഗം വേണം. അത് മാത്രമാണ് ഇവരുടെ ആവശ്യം.