പ്രകൃതിയൊന്ന് ഞൊടിച്ചാല്‍ മനുഷ്യനില്ല എന്ന കാര്യം എല്ലാവരും മനസിലാക്കണമെന്ന് അശ്വതി തിരുനാള്‍ ലക്ഷ്മി ബായ്. കുന്നിൻ ചെരിവുകൾ തെളിച്ച് കെട്ടിടങ്ങൾ പണിയുന്നത് കേരളത്തിൽ സാധാരണയായിക്കഴിഞ്ഞുവെന്നും വയനാട് ഒരു വേദനയായി എല്ലാവരെയും ബാധിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയാതിരിക്കാനാകില്ലെന്നും അശ്വതി തിരുനാള്‍ പറഞ്ഞു. ലോക മലയാളി കൗൺസിൽ 14–ാം സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
മനുഷ്യന്റെ വിചാരം നമ്മളാണ് ഏറ്റവും വലിയ സംഭവമെന്നാണ്, പ്രകൃതിയൊന്ന് ഞൊടിച്ചാല്‍ മനുഷ്യനില്ല എന്ന കാര്യം എല്ലാവരും മനസിലാക്കണം. കുന്നിന്‍ ചരിവുകള്‍ തെളിച്ച് കെട്ടിടങ്ങള്‍ പണിയുന്നത് കേരളത്തില്‍ സാധാരണമായി കഴിഞ്ഞു. നമുക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ കിട്ടിയിട്ടുണ്ട്. മുകളിലേക്ക് നോക്കുമ്പോഴാണ് അതൊന്നും പോരാന്ന് തോന്നുന്നത്, താഴേക്ക് നോക്കണം. അപ്പോള്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാകും. ആരെയും രക്ഷിക്കാനായില്ലെങ്കിലും ശിക്ഷിക്കരുതെന്നും അശ്വതി തിരുനാള്‍ പറഞ്ഞു.
കൾചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ കീകാട് അധ്യക്ഷനായിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ, സൂരജ് ലാൽ എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു.