വയനാട്ടിലെ ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്ക് താൽക്കാലിക ഭവനമൊരുക്കാനുള്ള പദ്ധതിയുമായി ദുബായിലെ പ്രവാസികൾ. സപ്പോർട്ട് വയനാട് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ ഇതിന് അനുയോജ്യമായ വീടുകൾ കണ്ടെത്തി സർക്കാറിന് വിവരങ്ങൾ കൈമാറുന്നതാണ് പദ്ധതി. നാട്ടിൽ പ്രവാസികളുടെതുൾപ്പെടെ ഒഴിഞ്ഞു കിടക്കുന്ന വീടുകളും മറ്റ് താമസസൗകര്യങ്ങളും ഇതിനായി വിനിയോഗിക്കുകയാണ് ലക്ഷ്യം.
കിടപ്പാടമുൾപ്പെടെ സർവതും നഷ്ടപ്പെട്ടവർക്ക് ആവുന്നതെല്ലാം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ദുബായിലെ ഒരു കൂട്ടം പ്രവാസികളുടെ നേതൃത്വത്തിൽ തുടങ്ങിയ സപ്പോർട്ട് വയനാട് ഡോട്ട് കോം എന്ന സംരംഭം. നാട്ടിൽ ആൾ താമസമില്ലാതെ ഇട്ടിരിക്കുന്ന വീടുകൾ, കൂടുതൽ പേരെ അതിഥികളെ പോലെ ഉൾക്കൊള്ളാൻ സൗകര്യവും സന്നദ്ധതയും ഉള്ള ആളുകളുടെ വീടുകൾ ഫ്ലാറ്റുകൾ എന്നിവ ഉപയോഗിച്ച് താൽക്കാലിക താമസ സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ താമസസൗകര്യം ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെബ് സൈറ്റിലൂടെ വിവരങ്ങ കൈമാറാം. ഹോട്ടൽ , റിസോർട്ട് ഉടമകളും ഇതിൽ പങ്കാളികളാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രവാസികൾ അറിയിച്ചു. വെബ് സൈറ്റിലൂടെ വിവരങ്ങൾ ശേഖരിച്ച്, ആധികാരികത ഉറപ്പുവരുത്തിയ ശേഷം സർക്കാരിന് കൈമാറും.
വീടുകൾക്ക് പുറമേ മെഡിക്കൽ സഹായം എത്തിക്കാനുള്ള സൗകര്യവും വെബ് സൈറ്റിലൂടെ നൽകാനാണ് ശ്രമം. സപ്പോർട്ട് വയനാടെന്ന വാട്സാപ്പ് കൂട്ടായ്മയിലൂടെ ഏകോപനം സാധ്യമാക്കുമെന്നും പ്രവാസി കൂട്ടായ്മ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ദീപു എ.എസ്. ഫൈസൽ മുഹമ്മദ് , അമൽ ഗിരീഷ് എന്നിവർ പങ്കെടുത്തു.