വീട് നിർമാണത്തിലെ പിഴവിന് നടൻ ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ഉപഭോക്തൃ തർക്കപരിഹാര കോടതി. ആറ് വർഷം മുൻപ് നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ്. വീടിന്റെ പണി പൂർത്തിയായി ഒരുവർഷം കഴിയും മുൻപ് തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയിരുന്നു. ആ വിടവുകളിൽക്കൂടി വെള്ളവും മണ്ണും വീടിനുള്ളിൽ എത്തുകയും ചെയ്തു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ തറയോട് നൽകിയ കക്ഷികളെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ്, കൊച്ചിയിലെ പി.കെ.ടൈൽസ് സെന്റര്‍, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെ ഹരിശ്രീ അശോകൻ കോടതിയെ സമീപിച്ചത്. രാപ്പകൽ ഇല്ലാതെ ക്യാമറയ്ക്ക് മുന്നിൽ നിന്നുണ്ടാക്കിയ പണം കൊണ്ട് പണിത വീട്ടിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥ വന്നതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് ഹരിശ്രീ അശോകൻ മനോരമ ന്യൂസിനോട് പറഞ്ഞു.