എറണാകുളം അയ്യപ്പൻ കാവിൽ വാടകക്ക് നൽകിയ വീട് ഒഴിയാത്തതിനെതിരെ വീട്ടുടമയുടെ സമരം. വീടൊഴിയാൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അഭിഭാഷകനായ വാടകക്കാരൻ കൂട്ടാക്കുന്നില്ലെന്നാണ് ഉടമ ടി.പി. അശോകന്‍റെ പരാതി. വാടക കുടിശ്ശിക ചോദിച്ചപ്പോൾ അഡ്വ. വി.എസ് ബാബു ഗിരീശൻ, തന്നെ മർദ്ദിച്ചുവെന്ന് അശോകൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് വീട്ടുടമ സ്വന്തം കെട്ടിടത്തിന് മുന്നിൽ സമരം തുടങ്ങിയത്. 11 മാസത്തെ കരാർ കാലാവധിയിലാണ് വീട് വാടകയ്ക്ക് നൽകിയത്. കലാവധി കഴിഞ്ഞിട്ടും കരാർ പുതുക്കിയില്ല എന്ന് മാത്രമല്ല, കൃത്യമായി വാടക നൽകാതെ വർഷങ്ങളായി അനധികൃതമായി താമസിക്കുകയാണെന്നും വീട്ടുടമ പറഞ്ഞു.
ഇതേ തുടർന്നാണ് വീടൊഴിയണമെന്ന് ഉടമസ്ഥൻ ആവശ്യപ്പെട്ടത്. നടപടിയില്ലാതെ വന്നപ്പോഴാണ് 84കാരനായ അശോകൻ സമരത്തിലെയ്ക്ക് കടന്നത്. ഉടൻ വീടൊഴിയില്ലെന്ന നിലപാടിലാണ് വാടകക്കാരൻ. ആരോപണങ്ങൾ ശരിയല്ലെന്നും ബാബു ഗിരീശൻ പറഞ്ഞു. പൊലീസെത്തി ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. വീട്ടുടമയായ അശോകന് പിന്തുണയുമായി നാട്ടുകാരും എത്തി. സാധനങ്ങൾ മാറ്റി നാട്ടുകാർ മുറി പൂട്ടി