കുട്ടനാടിനും കേരളത്തിനും ഇനി വള്ളംകളി കാലം. കേരളത്തിലെ ജലോൽസവങ്ങൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി നാളെ നടക്കും. രാജപ്രമുഖൻ ട്രോഫിക്കായി ആറു ചുണ്ടൻവള്ളങ്ങളാണ് പമ്പയാറ്റിൽ തുഴ എറിയുന്നത്. വള്ളംകളി പ്രേമികളുടെ ഹൃദയത്തിൽ തുഴത്താളവും വഞ്ചിപ്പാട്ടിൻ്റെ ഈണവുമുയരുന്ന ദിവസങ്ങൾ എത്തി. കരിനാഗങ്ങളെ പ്പോലെ ചുണ്ടൻ വള്ളങ്ങൾ കുതിക്കുമ്പോൾ കരയിൽ ആവേശത്തിൻ്റെ ആർപ്പുവിളി ഉയരും. ഓളപ്പരപ്പിൽ കൈക്കരുത്തിൽ തുഴയെറിഞ്ഞ് കളി വള്ളങ്ങൾ പോരാട്ടത്തിനിറങ്ങുന്നതിൻ്റെ തുടക്കം നാളെയാണ് . ചമ്പക്കുളത്തെ പമ്പയാറ്റിൽ കഠിന പരിശീലനത്തിലാണ് ചുണ്ടൻ വള്ളങ്ങൾ.
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ചാണ് മിഥുനമാസത്തിലെ മൂലം നാളിൽ വള്ളംകളി നടക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം ഏറെ വൈകിയാണ് മൂലംവള്ളംക്കളിയുടെ ഒരുക്കങ്ങൾ തുടങ്ങിയത്. ആറ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫിക്കായി പോരാടുന്നത്. ഇന്നലെ വഞ്ചിപ്പാട്ട് മൽസരവും അരങ്ങേറി.