vishu-bumper-alpy-29

കേരളം കാത്തിരുന്ന വിഷു ബംപര്‍ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. ആലപ്പുഴ ജില്ലയിലെ അനില്‍കുമാറെന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി രൂപയ്ക്ക് VB 429992, VC 523085,VD 154182, VE 565485, VG 654490 എന്നീ നമ്പറുകള്‍ അര്‍ഹമായി. 42 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ 15,110 ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാതെ ബാക്കിയായത്. 300 രൂപയാണ് ടിക്കറ്റ് വില. പത്തുലക്ഷം വീതം ആറു പേര്‍ക്ക് മൂന്നാം സമ്മാനമായി ലഭിക്കും. ആറ് പേര്‍ക്ക് അഞ്ച് ലക്ഷം രൂപവീതമാണ് നാലാം സമ്മാനം. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. 

പത്തു കോടി ഒന്നാം സമ്മാനമുള്ള മണ്‍സൂണ്‍ ബംപറും ഇന്ന് പുറത്തിറക്കും. 250 രൂപയാണ് മണ്‍സൂണ്‍ ബംപറിന്‍റെ ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കും നൽകും. ജൂലൈ 31നാകും മണ്‍സൂണ്‍ ബംപറിന്‍റെ നറുക്കെടുപ്പ്.

കഴിഞ്ഞ വര്‍ഷം കോഴിക്കോട് സ്വദേശിക്കായിരുന്നു 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത്. പേര് വിവരം പുറത്തുവിടരുതെന്ന് ഒന്നാം സമ്മാനം ലഭിച്ച വ്യക്തി അഭ്യർഥിച്ച‍തിനാൽ മറ്റു വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പ് പുറത്തുവിട്ടിട്ടില്ല. ഏജൻസി കമ്മിഷനും നികുതിയും കഴിച്ച് 7.56 കോടി രൂപ അജ്ഞാതനായ ഭാഗ്യവാന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വ്യാഴാഴ്ച ലോട്ടറി വകുപ്പ് കൈമാറി. വിഷു ബംപർ ഫലം ദിവസങ്ങളായിട്ടും ഭാഗ്യവാൻ ആരെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 24നായിരുന്നു നറുക്കെടുപ്പ്. വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടാലുള്ള പൊല്ലാപ്പ് സഹിക്കാന്‍ വയ്യാത്തത് കൊണ്ടാണ് അജ്ഞാതനായിരിക്കുന്നതെന്നും ഇദ്ദേഹം വകുപ്പിനെ അറിയിച്ചിരുന്നു. സ്വകാര്യത മാനിച്ച് വിവരം പുറത്തുവിടാനാവില്ലെന്ന് വകുപ്പും നിലപാടെടുത്തിരുന്നു. 

ENGLISH SUMMARY:

Kerala Vishu bumper lottery