ആലപ്പുഴയുടെ വൈകുന്നേരങ്ങളെ സംഗീതസാന്ദ്രമാക്കുകയാണ് രാഗ് മ്യൂസിക് ക്ലബും അതിലെ അംഗങ്ങളും .റിട്ടയർ ചെയ്ത ഉന്നത ഉദ്യോഗസ്ഥർ വ്യാപാരികൾ , ബിസിനസുകാർ, സർക്കാർ ജീവനക്കാർ സംഗീതോപകരണവാദകർ,ഗായകർ, സംഗീതാസ്വാദകർ എന്നിവരടങ്ങിയ 70 ഓളം പേർ എല്ലാ ദിവസവും വൈകിട്ട് ഏഴു മുതൽ ഒന്നിച്ചു ചേരും. ഈ ആസ്വാദക കൂട്ടായ്മയുടെ പത്താം വാർഷികം ശനിയാഴ്ച വൈകിട്ട് സംഗീതാത്മകമായി തന്നെ ആഘോഷിക്കാനൊരുങ്ങുകയാണ് ഇവർ.
ആലപ്പുഴയിലെ ഗായകരുടെയും സംഗീതോപകരണ വാദകരുടെയും ഗാന ആസ്വാദകരുടെയും കൂട്ടായ്മ രാഗ് എന്ന പേരിൽ രൂപം കൊണ്ടിട്ട് 10 വർഷമാകുന്നു. റിട്ട. ജില്ല പൊലിസ് മേധാവി, വിരമിച്ച ഉന്നതോദ്യോഗസ്ഥർ, പ്രവാസികൾ, വ്യാപാരികൾ, വീട്ടമ്മമാർ, കുട്ടികൾ എന്നിവരെല്ലാം ഈ പാട്ടു കൂട്ടായ്മയുടെ ഭാഗമാണ്. പ്രസിദ്ധ ഗാനമേള ട്രൂപ്പുകളിലും പ്രശസ്ത ഗായകർക്കൊപ്പം സംഗീതോപകരണങ്ങൾ വായിച്ചവരും എത്ര തിരക്കുണ്ടെങ്കിലു വൈകുന്നേരങ്ങളിൽ ഇവിടെയെത്തും. പ്രസിദ്ധമായ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയ്ക്കൊപ്പം 60 വർഷമായി ഉണ്ടായിരുന്ന 80 കാരൻ ബ്ലൂ ഡയമണ്ട്സ് പാപ്പച്ചന് പതിവായി ഇവിടെയത്തുന്നതിന് പറയാൻ കാരണമുണ്ട്.
ഇവിടെയെത്തുന്ന എല്ലാവരും മികച്ച ഗായകരൊന്നുമല്ലെന്ന് അവർ തന്നെ പറയുന്നു. എന്നാൽ പാട്ടുകൾ ഏറെ ഇഷ്ടപ്പെടുന്നവർ. രാഗ് സംഗീത കൂട്ടായ്മയുടെ പത്താം വാർഷികം ശനിയാഴ്ച വൈകിട്ടാണ്. പാട്ടും മേളവുമൊക്കെയായി സംഗീതം ഒന്നിപ്പിച്ചവരും അവരുടെ കുടുംബങ്ങളും ഒരു രാഗമായി ഒത്തു ചേരും.