cltvote-01

85 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍മുള്ള പോസ്റ്റല്‍ വോട്ടിനുള്ള അന്തിമ പട്ടികയില്‍ നിന്ന് നൂറോളം വോട്ടര്‍മാര്‍ പുറത്ത്.  ഇക്കാര്യത്തില്‍ ബിഎല്‍ഒമാര്‍ അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തില്‍ നിന്നാണ് പരാതികളേറെയും. 

85 വയസ് കഴിഞ്ഞവര്‍ക്കും 40 ശതമാനം വൈകല്യമുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നു. ഇത് അനുസരിച്ചുള്ള പട്ടിക ബിഎല്‍ഒമാര്‍ക്ക് നല്‍കുകയും ചെയ്തു. ബിഎല്‍ഒമാര്‍ വോട്ടര്‍മാരുടെ വീട് സന്ദര്‍ശിച്ച് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ വാങ്ങി സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറി. എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടും പലരും പട്ടികയില്‍ നിന്ന് പുറത്തായതിന്‍റെ കാരണം അവ്യക്തമാണ്. 

അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെയാണ് പട്ടികയ്ക്ക് പുറത്തായ വിവരം പലരും  അറിയുന്നത്. തിരിച്ചറിയല്‍ കാര്‍ഡിലെ വയസിന്‍റെ അടിസ്ഥാനത്തിലാണ് പോസ്റ്റല്‍ വോട്ടിനുള്ള പ്രായം പരിഗണിക്കുന്നത്.  ഇതില്‍ വ്യത്യാസം വന്നതാവാം പലരും പട്ടികയ്ക്ക് പുറത്താവാനുള്ള കാരണമെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാദം. എന്നാലിത്  കള്ളവോട്ടിനുള്ള സാധ്യത കൂട്ടുമെന്ന് മുന്നണികള്‍ ആശങ്കപ്പെടുന്നു. കോഴിക്കോട് ജില്ലയില്‍ 85 ന് മുകളില്‍ പ്രായമുള്ള 10531 വോട്ടര്‍മാരും  4873 ഭിന്നശേഷിക്കാരുമാണ് അന്തിമ പട്ടികയില്‍ ഉള്ളത്.

Postal vote; About 100 voters left out of the final list