ആറൻമുളയിലെ ഇരുപത്തിയേഴാം പള്ളിയോടത്തിന്‍റെ പണിയിലാണ് ചങ്ങരംകുളം വേണു ആചാരി. പൂവത്തൂർ പടിഞ്ഞാറ് കരയ്ക്ക് വേണ്ടിയാണ് പുതിയ പള്ളിയോടം പണിയുന്നത്. തിരുവോണത്തോണി പുനര്‍നിര്‍മിച്ചതും വേണു ആചാരിയാണ്. ആകെ 52 പള്ളിയോടക്കരകളാണ് ആറൻമുളയിൽ . തിരഞ്ഞെടുപ്പ് മട്ടിൽ നോക്കിയാൽ ഇരുപത്തിയേഴാം പള്ളിയോടം പണിയുന്നതോടെ വേണു ആചാരിക്ക് കേവല ഭൂരിപക്ഷമായി. എടത്വയിലെ തച്ചൻ പാരമ്പര്യത്തിലെ നാലാം തലമുറയാണ് വേണു ആചാരി. ചുണ്ടൻ വള്ളങ്ങളുടെ നാട്ടുകാരനെങ്കിലും നിയോഗം പള്ളിയോടങ്ങളുടെ ശിൽപിയാകാൻ ആയിരുന്നു.
കരക്കാരുടെ സ്വപ്നമാണ് പള്ളിയോടം. നാടാകെ പിരിച്ച് ലക്ഷണമൊത്ത വമ്പൻ ആഞ്ഞിലിത്തടികൾ വാങ്ങി ശിൽപിയെ ഏൽപിക്കുന്നത് വിശ്വാസത്തിലാണ്. ആ സമ്മർദം ശിൽപിക്കാണ്. അനുഭവം ഏറെയായെങ്കിലും 35 വർഷം മുമ്പ് പിതാവിനൊപ്പം ആദ്യ പള്ളിയോടത്തിന്റെ പണിക്ക് എത്തിയ അതേ മനസ്സാണ് ഇപ്പോഴും. ഒരു പള്ളിയോടം തീരാൻ പത്തു മാസത്തോളം എടുക്കും. കരയിൽ തന്നെ മാലിപ്പുര കെട്ടി വ്രതാനുഷ്ഠാനത്തോടെയാണ് പണി. പണി തീർത്ത് പള്ളിയോടം പമ്പയാറ്റിലൂടെ പായുന്നത് കാണുമ്പോഴാണ് മനസ് നിറയുന്നത്.