ഉമ്മൻചാണ്ടി വരെ താഴ്മയോടെ അപേക്ഷിച്ചിട്ടും കേൾക്കാത്ത മാണി ഗ്രൂപ്പിനെ മുന്നണി മര്യാദയില്ലാത്തത് കൊണ്ടാണ് യുഡിഎഫ് യോഗത്തിൽ നിന്ന് മാറ്റി നിർത്തിയതെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. ഇടതുമുന്നണിയിൽ സന്തോഷവാനാണെന്ന് പ്രതികരിച്ച തോമസ് ചാഴികാടൻ നവ കേരള സദസ്സിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചതിൽ കുറ്റബോധം ഇല്ലെന്നും പറഞ്ഞൂ. കോട്ടയത്തെ മൂന്ന് സ്ഥാനാർത്ഥികളെയും പങ്കെടുപ്പിച്ച് മലയാള മനോരമ നടത്തിയ സംവാദ പരിപാടിയിലായിരുന്നു പ്രതികരണങ്ങൾ.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതാണോ അതോ അവസരം നോക്കിയിരുന്ന് പോയതാണോ?. കോട്ടയത്ത് കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ പ്രവർത്തകർക്കിടയിലും സ്ഥാനാർത്ഥികൾക്കിടയിലും ചൂടുള്ള ചർച്ചാവിഷയം ഇതാണ്. മുന്നണി വിടാനായി മുൻപ് തന്നെ തീരുമാനിച്ച കേരള കോൺഗ്രസ് എം ഒരു രാഷ്ട്രീയ കാരണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
മുഖ്യമന്ത്രി അപമാനിച്ചിട്ടും ഒരക്ഷരം മിണ്ടിയില്ലെന്ന വിമർശനത്തെ മുൻപത്തേതു പോലെ തന്നെ ചാഴിക്കാടൻ എതിർത്തു. എങ്കിലും ജനങ്ങളുടെ ആവശ്യം പൊതുവേദിയിൽ ഉന്നയിച്ചതിൽ തെല്ലും കുറ്റബോധം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം വിട്ട് ഇടുക്കിയിൽ പോയി മത്സരിക്കാൻ ഇടതുപക്ഷത്തു നിന്ന് സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. മലയാള മനോരമ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഫ്രാൻസിസ് ജോർജും തോമസ് ചാഴികാടനും തുഷാർ വെള്ളാപ്പള്ളിയും സൗഹൃദം പങ്കിട്ടു.