തൃശ്ശൂരിലെ വോട്ടർമാരിൽ ഉണ്ടായ മാറ്റത്തെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിൽ യുഡിഎഫിനും എൽഡിഎഫിനും വീഴ്ച പറ്റിയെന്ന് നിയുക്ത കോട്ടയം എംപി ഫ്രാൻസിസ് ജോർജ്. ബിജെപിയുടെ നേട്ടം രാഷ്ട്രീയമായി നിലനിൽക്കില്ലെന്ന് നിയുക്ത പത്തനംതിട്ട ഇടുക്കി എംപിമാരായ ആന്റോ ആന്റണിയും ഡീൻ കുര്യാക്കോസും പ്രതികരിച്ചു. മലയാള മനോരമ സംഘടിപ്പിച്ച സംവാദ പരിപാടിയിലായിരുന്നു എംപിമാരുടെ പ്രതികരണം.
മണിപ്പൂർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്നു നിൽക്കുമ്പോൾ ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് തിരഞ്ഞെടുപ്പിൽ ബിജെപിയെ അനുകൂലിക്കാൻ കഴിയുമോ എന്നാണ് ഫ്രാൻസിസ് ജോർജിന്റെ ചോദ്യം. എങ്കിലും വോട്ടർമാരിലെ മാറ്റം തിരിച്ചറിഞ്ഞ സംസ്ഥാന യുഡിഎഫ് നേതൃത്വം പ്രവർത്തനത്തിലും നയത്തിലും സമൂലം മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് നിയുക്ത കോട്ടയം എംപി പറയുന്നത്.
സുരേഷ് ഗോപിയുടേത് വ്യക്തിപരമായ നേട്ടം മാത്രമാണ്..സംഘടനാ പ്രവർത്തനത്തിലൂടെ കോൺഗ്രസിന് അതിജീവിക്കാൻ കഴിയുന്ന പ്രശ്നം മാത്രമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. അടുത്ത അഞ്ചുവർഷത്തേക്ക് സ്വന്തം മണ്ഡലത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറ്റവും വലിയ ലക്ഷ്യങ്ങളും സംവാദ പരിപാടിയിൽ എംപിമാർ പങ്കുവെച്ചു..ടൂറിസത്തിനും ദേശീയപാത വികസനത്തിനും റബർ, നെൽക്കർഷക പ്രശ്നങ്ങൾക്കും ശബരിമല വികസനത്തിനുമാകും മധ്യകേരളത്തെ പ്രതിനിധീകരിക്കുന്ന എംപിമാർ പ്രാധാന്യം നൽകുക.