flaoting-bridge

വര്‍ക്കല പാപനാശത്തെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് തകര്‍ന്നതില്‍ കൈകഴുകി ടൂറിസം വകുപ്പ്. കരാര്‍ കമ്പനിയുടെ മേല്‍ മുഴുവന്‍ കുറ്റവും ചാര്‍ത്തി ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്. വലിയ തിരയടിക്കുമെന്ന റിപ്പോര്‍ട് അവഗണിച്ചതും, കൂടുതല്‍ ആള്‍ക്കാരെ ബ്രിഡ്ജില്‍ കയറ്റിയതും അപകട കാരണം. റിപ്പോര്‍ട് ഇന്നു മന്ത്രിക്ക് കൈമാറും.ശനിയ്ഴ്ചയാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് 11 പേര്‍ക്ക് പരുക്കേറ്റിരുന്നു.

സുരക്ഷിതത്വം ഉറപ്പു നല്‍കി മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് പ്രവര്‍ത്തിച്ചത് സുരക്ഷാ മാനദണ്ഢങ്ങളില്ലാതെയാണ്. ബ്രിഡ്ജു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പഠനങ്ങളും നടത്തിയിട്ടില്ല.  അപകടം നടന്ന സമയത്ത് വലിയ തിരയുണ്ടാകുമെന്നു ഹോം ഗാര്‍ഡുകളടക്കം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ പാടെ അവഗണിച്ച് സഞ്ചാരികളെ ബ്രിഡ്ജിലേക്ക് നടത്തിപ്പുകാര്‍ ആളുകളെ കടത്തി വിടുകയായിരുന്നു. 25 പേര്‍ക്ക് മാത്രം ഒരേ സമയത്ത് കയറാവുന്ന ബ്രിഡ്ജില്‍ അപകട സമയത്തുണ്ടായിരുന്നത് 60 ലേറെപ്പേര്‍. എത്ര ആളുകളുണ്ടെന്നു കൃത്യമായി റിപ്പോര്‍ട് പറയുന്നില്ലെങ്കിലും ബ്രിഡ്ജിലുണ്ടായിരുന്നവര്‍ ഒരു വശത്തേക്ക് ചരിഞ്ഞപ്പോള്‍ ഭാരം താങ്ങാനാകാതെ കൈവരികള്‍ തകര്‍ന്ന് ആളുകള്‍ കടലിലേക്ക് വീഴുകയായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. കരാറെടുത്ത ജോയ് ടൂറിസം വാര്‍ഷിക തുകയായി എട്ടു ലക്ഷം രൂപ ഡിടിപിസിക്ക് നല്‍കുന്നുണ്ട്. ഇതു കഴിഞ്ഞുള്ള തുക നടത്തിപ്പുകാരായ ജോയ് ടൂറിസത്തിനെടുക്കാം. എന്നാല്‍ കൃത്യമായ പരിശോധനകളില്ലാതെ ,മാനദണ്ഡങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍  അനുവദിച്ചതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കായിരുന്നെന്നു റിപ്പോര്‍ട് പറയുന്നില്ല.

Varkala floating bridge accident follow up