Untitled design - 1

സ്പാ ഉടമയായ സ്ത്രീയെ പൊലീസിന്റെ ഇടനിലക്കാരൻ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 46,000 രൂപ തട്ടിയ കേസില്‍ യുവാവ് പിടിയില്‍. 

തിരുവനന്തപുരം ജില്ലയിലെ വർക്കല പാപനാശം ബ്ലാക്ക് ബീച്ചിനടുത്തുള്ള സ്പായുടെ ഉടമയെയാണ് യുവാവ് തന്ത്രപൂര്‍വം കബളിപ്പിച്ചത്. വര്‍ക്കല ചിലക്കൂർ സ്വദേശി സജീറാണ് (33) അറസ്റ്റിലായത്. 

തമിഴ്നാട് സ്വദേശിയായ യുവതിയെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തി പറ്റിച്ചത്. യുവതി നടത്തുന്ന സ്പായിൽ എല്ലാ മാസവും പൊലീസ് റെയ്‌ഡ് നടത്തുമെന്നും, അത് വേണ്ടങ്കില്‍ ഇൻസ്പെക്ടർക്ക് പണം നൽകണമെന്നും ഇല്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. 

പണം നഗരസഭയ്ക്കും നൽകേണ്ടതുണ്ടെന്നും റെയ്ഡ് നടത്താതെ ഇരിക്കണമെങ്കില്‍ വീണ്ടും പണം നൽകണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഭീഷണി തുടർന്നതോടെയാണ് യുവതി വര്‍ക്കല പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. 30,000 രൂപ പണമായും ബാക്കി തുക ഗൂഗിൾ പേ വഴിയുമാണ് ഇയാൾ കൈക്കലാക്കിയതെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. 

ENGLISH SUMMARY:

Spa fraud case involves a man arrested for extorting money from a spa owner in Varkala by posing as a police intermediary. The accused threatened the owner with police raids unless payments were made, leading to her filing a complaint and his subsequent arrest.