siddharth-look-out-29

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ മുൻപും റാഗിങ്‌ സംഭവങ്ങൾ നടന്നിട്ടുള്ളതായി ആന്‍റി റാഗിങ്‌ സ്ക്വാഡിന്റെ അന്വേഷണ റിപ്പോർട്ട്. കോളജ് യൂണിയനിലും ഹോസ്റ്റൽ കമ്മിറ്റിയിലും ഭാരവാഹിത്വമുള്ള വിദ്യാർഥികൾ പോലും വിവരങ്ങൾ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാതെ മറച്ചുവെച്ചു എന്നും റിപ്പോർട്ട് പറയുന്നു. സിദ്ധാർഥന്‍റെ  കുടുംബം ആരോപണം ഉന്നയിച്ച അക്ഷയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കേസില്‍  മര്‍ദനത്തിലും ഗൂഢാലോചനയിലും പങ്കാളികളായ നസീഫ്, അഭി എന്നിവര്‍ കൂടി അറസ്റ്റിലായി.

2019 ബാച്ചിലെയും 2021 ബാച്ചിലെയും ഓരോ വിദ്യാർഥികൾ വീതം പൂക്കോട് ക്യാമ്പസിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ റാഗിങ്ങിന് ഇരയായിട്ടുണ്ട്. ഈ വിവരങ്ങൾ അധികൃതരിൽ നിന്നും സ്വന്തം സഹപാഠികളിൽ നിന്നുപോലും വിദ്യാർഥികൾ മറച്ചുവെച്ചു. റാഗിങ്ങിന് ഇരയായ ഒരാൾ ക്ലാസിൽ രണ്ടാഴ്ച പോകാതിരുന്ന കാര്യം സഹപാഠി ആന്റി റാഗിങ് സ്ക്വാഡിനു മുൻപാകെ ചൂണ്ടിക്കാട്ടി. എന്നാൽ താൻ റാഗിങ്ങിനിരയായിട്ടില്ലെന്നാണ് വിദ്യാർഥി പറയുന്നത്.

സിദ്ധാർഥന് മർദ്ദനമേറ്റ സംഭവത്തിലെ വിശദാംശങ്ങൾ പൂർണമായും പുറത്ത് പറയാൻ ഭൂരിഭാഗം വിദ്യാർഥികളും മടിച്ചു. ചില കുട്ടികൾ തങ്ങൾ നേരിട്ട് ഭീഷണിയെ പറ്റി മൊഴി നൽകി. കോളേജ് യൂണിയനിലും ഹോസ്റ്റൽ കമ്മിറ്റിയിലും ഭാരവാഹിത്വമുള്ള വിദ്യാർഥികൾ പോലും വിവരങ്ങൾ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാതെ മറച്ചുവെച്ചു എന്നും റിപ്പോർട്ട് പറയുന്നു.

എസ്.എഫ്.ഐ. ഭാരവാഹിയും സിദ്ധാർഥന്‍റെ  സഹപാഠിയും ആയിരുന്ന അക്ഷയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സിദ്ധാർഥനെ മർദ്ദിക്കുന്നത് കണ്ടുവെന്ന് അക്ഷയ് മൊഴി നൽകിയതായി സുചന. സിദ്ധാർഥന്റെ മരണത്തിൽ അഞ്ചു പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. മുഴുവൻ പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ച് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.