ലോക വന്യജീവി ദിനമാണിന്ന്. ഭൂമിയേയും മനുഷ്യനെയും ബന്ധിപ്പിക്കാനും സംരക്ഷിക്കാനും ഡിജിറ്റല്‍ ഇന്നെവേഷന്‍ ഉപയോഗിക്കുക എന്നതാണ് ഈ വര്‍ഷത്തെ വന്യജിവി ദിന സന്ദേശം. കഴിഞ്ഞ കുറേ കാലങ്ങളായി ഈ സന്ദേശം പോലെ പ്രവര്‍ത്തിച്ചു വരുന്ന ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുണ്ട് നിലമ്പൂരില്‍. ആദിവാസി കുട്ടികള്‍ക്ക് കാമറയും ഹെലി ക്യാമറയും പഠിപ്പിച്ചാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ വി.എം.സാദിഖലി വേറിട്ട രീതിയില്‍ സന്ദേശം നല്‍കുന്നത്.
കാടിനെ നന്നായി അറിയുന്ന കാടറിഞ്ഞു വളര്‍ന്നവര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കൂടി അവര്‍ക്ക് പ്രാവീണ്യമുണ്ടായാല്‍ കാടിന്‍റെ ഏറ്റവും മനോഹര മുഖം ലോകത്തെ കാണിക്കും. ഈ ഉദ്യമം മനസില്‍ കണ്ടാണ് നിലമ്പൂരിലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വി.എം.സാദിഖലി ആദിവാസി ഊരിലെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികത പഠിപ്പിക്കാനിറങ്ങിയത്.
മുന്നിലെത്തുന്ന നല്ല നിമിഷങ്ങളെ ഫ്രെയിമുകളാക്കാനാണ് പഠിപ്പിക്കുന്നത്. ഇതു വഴി പിന്നീട് കുട്ടികളെ സ്വയം പര്യാപ്‌തരാക്കാം, വനം സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാം. ഒരു വര്‍ഷമായി ഈ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്, അതിനായി റീകാപ്‌ച്ചര്‍ എര്‍ത്ത് എന്ന കൂട്ടായ്‌മയും രൂപീകരിച്ചു.
നിലമ്പൂരിലെ ചോലനായ്‌ക്കര്‍, കാട്ടുനായ്‌ക്കര്‍ ഊരുകളിലെ കുട്ടികള്‍ക്കാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. ഇവര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ വെച്ച് പിന്നീട് പ്രദര്‍ശനം സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മറ്റു കുട്ടികള്‍ക്കും പരിശീലനം നല്‍കും.
ഭൂമിയേയും മനുഷ്യനെയും ബന്ധിപ്പിക്കാനും സംരക്ഷിക്കാനും ഡിജിറ്റല്‍ ഇന്നെവേഷന്‍ ഉപയോഗിക്കുക എന്നതാണ് വൈല്‍ഡ് ലൈഫ് ദിന സന്ദേശം. ആ സന്ദേശം പ്രവര്‍ത്തിയിലൂടെ യാഥാര്‍ഥ്യമാക്കുകയാണ് സാദിഖലി.
Wildlife photographer VM Sadikhali teaches camera and heli cam to tribal children