Anand-Sujith

യുഎസിലെ കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ദമ്പതികളുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് യുഎസ് പൊലീസ് സ്ഥിരീകരിച്ചു. പട്ടത്താനം സ്വദേശിയായ ആനന്ദ്  ഭാര്യ ആലീസിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. ആനന്ദിന്‍റെ വീട്ടില്‍ നിന്നും വെടിയൊച്ച സമീപവാസികള്‍ കേട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുറത്തുനിന്നും ഒരാള്‍ കൊലപാതകം നടത്താനുള്ള സാധ്യതകള്‍ പൊലീസ് തള്ളിക്കളഞ്ഞു. 9എംഎം റൈഫിളാണ് കൊലപാതകത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം നാല് വയസുള്ള ഇരട്ടക്കുട്ടികള്‍ എങ്ങനെ മരിച്ചുവെന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല. വിഷമോ കൂടിയ അളവിലുള്ള മരുന്നുകളോ നല്‍കിയാവാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കുട്ടികളുടെ ശരീരത്തില്‍ ക്ഷതമേറ്റതിന‍്‍റെ പാടുകളുമില്ല. എയര്‍കണ്ടീഷണറില്‍ നിന്നും വിഷവാതകം ചോര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യനിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ഉള്‍പ്പെടെ സ്ഥിരീകരിച്ചത്. കാലിഫോര്‍ണിയയിലെ സാന്‍മെറ്റിയോ നഗരത്തില്‍ തിങ്കളാഴ്ച രാവിലെ 9:15നാണ് ദമ്പതികളേയും മക്കളേയും മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്. 

ആനന്ദിന്‍റേയും ആലീസിന്‍റേയും മൃതദേഹം കുളിമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. കിടപ്പുമുറിയില്‍ നിന്നുമാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ദുബായിലുള്ള ആനന്ദിന്‍റെ സഹോദരന്‍ അജിത്ത് അമേരിക്കയില്‍ എത്തി. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്തിനാണ് കൃത്യം നടത്തിയതെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പുകളോ മറ്റു രേഖകളോ കണ്ടെത്തിയിട്ടില്ല. 

New tern in the investigation of misterious issue of Anand Sujith Henry and famliy