കാരുണ്യ ഫാർമസിക്ക് മരുന്ന് വിതരണം ചെയ്തതിന്‍റെ കുടിശിക ആവശ്യപ്പെട്ട് മരുന്നുകമ്പനി ഹൈക്കോടതിയിൽ. ഒമ്പതര കോടി രൂപയുടെ കുടിശ്ശിക ആവശ്യപ്പെട്ട് സൺ ഫാർമയാണ് ആരോഗ്യവകുപ്പിനെതിരെ ഹൈക്കോടതി സമീപിച്ചത്. പണം ലഭിക്കാഞ്ഞിട്ടും പാവപ്പെട്ട രോഗികളെ ഓർത്താണ് മരുന്ന് വിതരണം നിർത്താത്തതെന്നും കമ്പനി ഹർജിയിൽ വ്യക്തമാക്കി
സർക്കാർ വിശ്വാസവഞ്ചന കാണിച്ചെന്നാരോപിച്ചാണ് സൺ ഫാർമ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ 52 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിലേക്കുള്ള 35% ജീവൻ രക്ഷ മരുന്നുകൾ വിതരണം ചെയ്യുന്നത് സൺ ഫാർമയാണ്. സാധാരണയായി 45 ദിവസത്തിനു ശേഷമാണ് ആരോഗ്യവകുപ്പിന് നൽകുന്ന മരുന്നുകളുടെ ബിൽ അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസമായി മരുന്നുകൾക്ക് പണം നൽകുന്നില്ല. പണം അനുവദിക്കാൻ നിരവധി വട്ടം ആരോഗ്യ വകുപ്പിനും മെഡിക്കൽ സർവീസസ് കോർപ്പറേഷനും കത്തയച്ചിട്ടും മറുപടി നൽകിയില്ല.
ഒമ്പതരക്കോടി രൂപ ഇതുവരെ കമ്പനിക്ക് കുടിശ്ശികയുണ്ട്. കോടികളുടെ കുടിശിക കമ്പനിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ കമ്പനി നൽകുന്ന ജീവൻ രക്ഷാ മരുന്നുകൾ പെട്ടെന്ന് നിർത്തിയാൽ രോഗികൾക്ക് അത് ബുദ്ധിമുട്ടുണ്ടാകും. സാധാരണ ജനങ്ങളെ ആലോചിച്ചാണ് മരുന്നു വിതരണം നിർത്താത്തത് എന്നും കമ്പനി പറയുന്നു. മെഡിക്കൽ സർവീസ് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാർ പ്രകാരം മരുന്ന് ഓർഡർ ചെയ്താൽ ഏഴു ദിവസത്തിനുള്ളിൽ കമ്പനി എത്തിക്കുന്നുണ്ട്. ഈ മരുന്നുകളാണ് സംസ്ഥാനത്തെ കാരുണ്യ ഫാർമസികളിലൂടെ സർക്കാർ ഏഴ് ശതമാനം ലാഭം ഈടാക്കി വില്പന നടത്തുന്നത്. എന്നിട്ടും പണം കമ്പനിക്ക് നൽകുന്നില്ല എന്നതാണ് ഹർജിയിലെ ആക്ഷേപം. ഈ സാഹചര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി ഹർജിയിൽ ആരോഗ്യവകുപ്പിനോട് കോടതി വിശദീകരണം തേടി.
Medicine company in High Court demanding dues for supply of medicine to Karunya Pharmacy