ധനവകുപ്പ് ഫണ്ട് അനുവദിച്ചിട്ട് ദിവസം മൂന്നായിട്ടും നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ജീവനക്കാരുടെ ശമ്പളത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. മാസം പകുതിയായിട്ടും ശമ്പളം വാരാതായതോടെ മൂവായിരത്തോളം ജീവനക്കാര്‍ പ്രതിസന്ധിയില്‍. എന്‍.എച്ച്.എമ്മിലെ ജീവനക്കാരുടെ ശമ്പളത്തിനും ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വിതരണത്തിനുമായി 99 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.
പതിമൂന്നാം തിയ്യതിയായിട്ടും നാഷണല്‍ ഹെല്‍ത്ത് മിഷനിലെ മൂവായിരത്തോളം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ ഈ മാസത്തെ ശമ്പളം എത്തിയിട്ടില്ല. ശമ്പളം വിതരണത്തിന് 99.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എം ബാലഗോപാല്‍ ബുധനാഴ്ച അറിയിച്ചിരുന്നു. പക്ഷെ മൂന്ന് ദിവസം കഴിഞ്ഞിട്ടും ഫണ്ട് ഇതുവരെ എന്‍.എച്ച്.എമ്മിന്റെ ജില്ലാ അക്കൗണ്ടുകളില്‍ എത്തിയിട്ടില്ല. ജില്ലാ തലത്തില്‍ എത്തിയാല്‍ മാത്രമേ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ ശമ്പളം നിക്ഷേപിക്കുകയുള്ളൂ. ഇന്ന് രണ്ടാം ശനി. നാളെ ഞായര്‍. ചുരുങ്ങിയത് തിങ്കളാഴ്ച വരെയെങ്കിലും ജീവനക്കാര്‍ ശമ്പളത്തിനായി കാത്തിരിക്കണ്ടി വരും. തുടര്‍ച്ചയായ നാലാം മാസമാണ് എന്‍.എച്ച്.എം ജീവനക്കാരുടെ ശമ്പളം വൈകുന്നത്. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഫണ്ട് തര്‍ക്കമാണ് കാരണം. ഈ വര്‍ഷത്തെ വിഹിതമായി 371 കോടിയാണ് കേന്ദ്രം നല്‍കേണ്ടത്. ഇതില്‍ ഒരു രൂപ പോലും ഇതുവരെ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഈ തുകയും സംസ്ഥാനം വഹിച്ചാണ് എന്‍.എച്ച്.എം ജീവനക്കാരുടെ ശമ്പളം കൊടുത്തുവരുന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
employees of national health mission in crisis due to central state fund dispute