കുറഞ്ഞനിരക്കില്‍ വൈദ്യുതി വാങ്ങിക്കൊണ്ടിരുന്ന ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങി. പഴയനിരക്കില്‍ വൈദ്യുതി നല്‍കാനാവില്ലെന്ന് കമ്പനികള്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷനെ അറിയിച്ചു. അതേസമയം കരാര്‍ റദ്ദാക്കിയ മേയ് മുതല്‍ ഇതുവരെ 498 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്ന് വൈദ്യുതി ബോര്‍ഡ് ബോധിപ്പിച്ചു.

യൂണിറ്റിന് ശരാശരി നാല് രൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതിയാണ് ഈ വര്‍ഷം മേയ് വരെ കമ്പനികളില്‍ നിന്ന് വാങ്ങിക്കൊണ്ടിരുന്നത്.  ഈ നിരക്കില്‍ വൈദ്യുതി നല്‍കാനാകില്ലെന്ന് കമ്പനികള്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷനെ അറിച്ചു. ഓണ്‍ലൈനായാണ് ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ് , ജാബുവ പവര്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ  പ്രതിനിധികള്‍ റഗുലേറ്റി കമ്മിഷന്റെ തെളിവെടുപ്പില്‍ പങ്കെടുത്തത്. ഇതോടെ ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങി.കേരളവുമായുള്ള കരാര്‍‌ റദ്ദായതോടെ മറ്റ് വിതരണ ഏജന്‍സികള്‍ക്ക് വൈദ്യുതി നല്‍കുകയാണെന്നും കമ്പനികള്‍ അറിയിച്ചു.ക്രയവിക്രയ രേഖകള്‍ ഒരാഴ്ചയക്കകം റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് 25 വർഷത്തേക്കുള്ള ദീര്‍ഘകാല കരാർ ഒപ്പിട്ടത്. ടെന്‍ഡര്‍ നടപടികളിലെ ക്രമരാഹിത്യം ചൂണ്ടിക്കാട്ടി ഈ വര്‍ഷം മേയിലാണ് കരാറുകള്‍ റദ്ദാക്കിയത്. തുടര്‍ന്ന് കൂടിയനിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിയും വന്നു. ഇത്തരത്തില്‍ ഇതുവരെ വൈദ്യുതി വാങ്ങിയ ഇനത്തില്‍ 498 കോടിരൂപയുടെ അധിക ബാധ്യതവന്നുവെന്ന് കെഎസ്ഇബി റഗുലേറ്ററി കമ്മിഷനെ അറിയിച്ചു. സ്വാഭാവികമായും അടുത്തവര്‍ത്തെ വരവ് ചെലവ് കണക്ക് സമര്‍പ്പിക്കുമ്പോള്‍ ഈ ബാധ്യത ഉപയോക്താക്കളുടെ ചുമലില്‍ വീഴുകയും ചെയ്യും. നിരക്ക് കുറയ്ക്കാന്‍ കമ്പനികളുമായി ചര്‍ച്ചചെയ്യുകമാത്രാണ് കെഎസ്ഇബിയുടെ മുന്നിലുള്ള പോംവഴി.