schools

TAGS

 

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം പിരിക്കാനുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ റദ്ദുചെയ്തു.  ഉച്ചഭക്ഷണ സംരക്ഷണസമിതികള്‍ രൂപീകരിച്ച് പണവും വിഭവങ്ങളും സമാഹരിക്കാനുള്ള തീരുമാനം മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഉത്തരവ് ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ അറിയിച്ചിരുന്നു . നിയമനടപടിയുടെ സാധ്യത കൂടി കണ്ടാണ് ഉത്തരവ് പിന്‍വലിക്കാനുള്ള തീരുമാനം.

 

കേന്ദ്ര ഫണ്ട് മുടങ്ങിയേക്കും അപ്പോള്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പൂര്‍ണമായി താളം തെറ്റും. ഇതിന് തടയിടാനുള്ള പോംവഴി എന്ന നിലയിലാണ് പൊതുസമൂഹത്തില്‍ നിന്ന് പണവും വിഭവങ്ങളും സമാഹരിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടത്. 15ാം തീയതി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. മനോരമ ന്യൂസാണ് ഈ വാര്‍ത്ത് പുറത്തു കൊണ്ടുവന്നത്. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഉത്തരവിനെതിരെ ശക്തമായി രംഗത്തു വന്നു.   

പല അധ്യാപക സംഘടനകളും  സ്കൂള്‍ പിടിഎകളും കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന വിവരവും സര്‍ക്കാരിന് ലഭിച്ചു. മാത്രമല്ല പണപിരിവിന് അധ്യാപകരെ നിയോഗിക്കുന്നത് കെ.ഇ.ആര്‍ അനുസരിച്ച് നിയമ വിരുദ്ധവുമാണ്. ഇതെല്ലാം കണക്കിലെടുത്താണ്  ഉത്തരവിറങ്ങി രണ്ടു ദിവസം പിന്നിട്ടപ്പോള്‍ അത് റദ്ദുചെയ്യാനുള്ള തീരുമാനം എടുക്കേണ്ടി വന്നത്. സെപ്റ്റംബര്‍മാസം പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വാര്‍ഡ് അംഗം രാക്ഷാധികാരിയും പ്രധാന അധ്യാപകന്‍ കണ്‍വീനറുമായ ഉച്ചഭക്ഷണ സംരക്ഷണ സമിതികള്‍ രൂപീകരിക്കാന്‍തീരുമാനിച്ചത്. പൊതുജനങ്ങളില്‍ നിന്ന് സംഭാവനം, പൗര പ്രമുഖരില്‍ നിന്നും പൂര്‍വ്വ വിദ്യാര്‍ഥികളില്‍ നിന്ന് പലിശരഹിത വായ്പ, സ്ഥാപനങ്ങളുടെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് എന്നിവ പിരിക്കാനായിരുന്നു തീരുമാനം.

 

Fundraising for School Lunch Scheme