balabhavan

തൃശൂർ ജവഹർ ബാലഭവനിലെ അധ്യപകർക്ക് ശമ്പളം ലഭിച്ചിട്ട് ആറു മാസമായി. കടം വാങ്ങിയാണ് പലരും ജീവിക്കുന്നത്. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും പട്ടിണിയിൽ തുടരാനാണ് പതിനൊന്നു അധ്യാപകരുടെ വിധി.

സാംസ്കാരിക വകുപ്പിനു കീഴിലുള്ള ജവഹർ ബാല ഭവനിലെ അധ്യാപകരാണ് ശമ്പളം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായത്. പതിനൊന്ന് അധ്യാപകർക്ക് ശമ്പളം ലഭിച്ചിട്ട് ആറു മാസമായി. മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും തൊട്ട് സ്ഥലം എം എൽ എക്ക് വരെ പരാതി നൽകി കാത്തിരുനിട്ടും പരിഹാരമുണ്ടായില്ല. നാന്നൂറോളം കുട്ടികളെത്തുന്ന സ്ഥാപനമാണിത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കുട്ടികളെത്തുന്നതും ഇവിടെ തന്നെ.കുട്ടികളുടെ എണ്ണം കൂടി വരുമാനം വർധിച്ചിട്ടും അധ്യാപകരോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്

കഴിഞ്ഞ തിരുവോണനാളിൽ അധ്യാപകർ പട്ടിണി സമരവുമായി രംഗത്തെത്തിയിരുന്നു. കോടതിയെ സമീപിക്കാനും നീക്കമുണ്ട്. തിരുവനന്തപുരം ഒഴികെ മറ്റു നാലു ബാലഭവനുകളിലും സമാന അവസ്ഥയാണ്. ഒമ്പത് മാസമായി കൊല്ലം ബാലഭവനിലെ അധ്യാപകർക്ക് ശമ്പളം ലഭിച്ചിട്ട്. പതിനൊന്ന് അധ്യാപകർക്ക് ശമ്പളം നൽകാൻ പ്രതിമാസം അഞ്ചു ലക്ഷം രൂപക്കു താഴേ മതി എന്നിരിക്കെയാണ് സർക്കാരിന്റെ കടുത്ത അവഗണന തുടരുന്നത്. ഡിസംബർ ആദ്യത്തിൽ നവ കേര സദസിനായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുന്നിൽ തങ്ങളുടെ ദുരിതം ഒരിക്കൽ കൂടി അവതരിപ്പിക്കാനിരിക്കുകയാണ് അധ്യാപകർ..

Thrissuur Jawahar balabhavan school salary crisis