തിരുവനന്തപുരം മാനവീയം വീഥിയില്‍ ആക്രമണം നടത്തിയ ലഹരിസംഘത്തിലെ ഒരാള്‍ പൊലീസ് പിടിയില്‍. മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. അക്രമങ്ങളും കേസും തുടര്‍ച്ചയായതോടെ നൈറ്റ് ലൈഫിന് മാനദണ്ഡവും നിയന്ത്രണവും വേണമെന്ന് മ്യൂസിയം പൊലീസ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
കഴിഞ്ഞ ദിവസം മാനവീയം വീഥിയില്‍ അഴിഞ്ഞാടിയ സംഘത്തിലെ കരമന സ്വദേശി ശിവയാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിലുള്‍പ്പെട്ട മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ട്. ഇവരുടെ പശ്ചാത്തലവും ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാനവീയം വീഥിയില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് മ്യൂസിയം പൊലീസ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ആരൊക്ക, എന്തുദ്ദേശത്തില്‍ മാനവീയത്ത് എത്തുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. പരിപാടികള്‍ അവതരിപ്പിക്കുന്നതിനും മാനദണ്ഡമില്ല. മൈക്കുപയോഗത്തിന് നിയന്ത്രങ്ങളില്ലാത്തതും ഇവിടെ ഒത്തു കൂടുന്നവര്‍ തമ്മില്‍ സംഘര്‍ഷത്തിന് കാരണമാകുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിപാടികള്‍ക്ക് റജിസ്ട്രേഷനും സമയപരിധിയും വേണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. പൊലീസിനു മാത്രമായി തീരുമാനമെടുക്കാനാകില്ല. ടൂറിസം വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്തുമാത്രമേ നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ.
നൈറ്റ് ലൈഫിനായി സര്‍ക്കാര്‍ തുറന്നുകൊടുത്ത മാനവീയം വീഥിയില്‍ കഴിഞ്ഞ ദിവസം ലഹരിസംഘം നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു. ഒരാഴ്ചയ്ക്കിടെ മാനവീയം വീഥിയില്‍ നടന്ന നാലാമത്തെ സംഘട്ടമായിരുന്നു ഇത്. കേരളീയം കൂടി നടക്കുന്നതിനാല്‍ മാനവീയംവീഥിയില്‍ വന്‍ തിരക്കാണ്. സുരക്ഷ ഉറപ്പാക്കാന്‍ ദ്രുത കര്‍മസേനയേയും പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്. സംശയമുളളവര്‍ക്ക് ലഹരി പരിശോധന നടത്താനും തീരുമാനിച്ചു.
Manaveeyam veedhi night life issue