വിവാദം പുകയുന്ന തൃശൂർ കേരളവര്‍മ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വിഷയത്തിൽ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി. ശ്രീക്കുട്ടനാണ് യഥാർഥ വിജയി എന്നും കെ.എസ്.യു ആണ് കോളജ് നേടിയതെന്നും അവകാശപ്പെട്ട അബിൻ എസ്എഫ്ഐക്ക് കൂട്ടുനിന്നെന്നാരോപിക്കുന്ന അധ്യാപകനെതിരെയും നിശിതമായ ഭാഷയിലാണ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്:

‘‘ആദ്യം എണ്ണി, എസ്എഫ്ഐ തോറ്റു. രണ്ടാമതെണ്ണി, എസ്എഫ്ഐ തോറ്റു. കറണ്ട് പോയി..ഇരുട്ടത്തെണ്ണി, എസ്എഫ്ഐ ജയിച്ചു.ചെങ്കോട്ടയാണ് കേരളവർമ്മ.കൂട്ട് നിന്ന അദ്ധ്യാപകനോട്‌ പറയാനുള്ളത്...‘ഇതിലും ഭേദം വല്ലോ കൂട്ടികൊടുപ്പിന് പോകുന്നതാണ് സാറേ...’പ്രിയപ്പെട്ട ശ്രീകുട്ടനാണ് താരം..അവനാണ് വിജയിച്ചത്..കെ.എസ്.യു ആണ് നേടിയത്..’’  എന്നാണ് അബിൻ വർക്കി ഫെയ്സ്ബുക്കിൽ പ്രതികരിച്ചത്.  സംഭവത്തിൽ എസ്എഫ്ഐയെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രംഗത്തുവന്നിരുന്നു.

അതിനിടെ കേരളവർമയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് കെഎസ്‌യു തീരുമാനം. കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ എസ്എഫ്ഐ വൈദ്യുതി മുടക്കി എണ്ണി തോല്‍പിച്ചെന്നാണ് കെ.എസ്.യു ഉന്നയിക്കുന്ന ആരോപണം. എന്നാൽ കോളജ് യൂണിയന്‍ തുടക്കംതൊട്ടേ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് കെഎസ്‌യു ആണെന്നാണ് എസ്എഫ്ഐയുടെ വാദം. 42 വർഷമായി എസ്എഫ്ഐ കോട്ടയായിരുന്ന കോളജിൽ ഭിന്നശേഷിക്കാരനായ എസ്.ശ്രീക്കുട്ടന്‍ കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി വിജയിച്ചത് ഒറ്റവോട്ടിനായിരുന്നു.