ArumughanVenkitangu

പ്രശസ്ത നാടന്‍പാട്ട് രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് തൃശൂര്‍ മുല്ലശേരിയില്‍ അന്തരിച്ചു. അറുപത്തിയഞ്ചു വയസായിരുന്നു. ശാരീരിക അസ്വസ്തഥകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്തരിച്ച നടനും ഗായകനുമായ കലാഭവന്‍ മണി ആലപിച്ചിരുന്ന മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം. ഇരുന്നൂറോളം പാട്ടുകള്‍ കലാഭവന്‍ മണിക്കു വേണ്ടി രചിച്ചിട്ടുണ്ട്. 1998ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’, മീശമാധവനിലെ ‘ഈ എലവത്തൂര്‍ കായലിന്റെ’, ഉടയോന്‍ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ എന്നിവയുടെ വരികള്‍ എഴുതിയത് അറുമുഖനാണ്. കൂടാതെ ഒട്ടേറെ ആല്‍ബങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും വരികള്‍ രചിച്ചിട്ടുണ്ട്. 

തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങില്‍ നടുവത്ത് ശങ്കരന്‍- കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖന്‍, വിനോദ കൂട്ടായ്മകളിലും നാട്ടിന്‍പുറത്തെ ഗാനമേളകളിലും ഗാനങ്ങള്‍ രചിച്ചായിരുന്നു തുടക്കം. ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്കാരം ഇന്ന് മൂന്നു മണിക്ക് മുല്ലശേരി പഞ്ചായത്തിലെ പൊതുശ്മശാനത്തില്‍.

Folk song writer Arumughan Venkitangu passed away